ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ലോക്കപ്പുകളിൽ പ്രതികളെ ഇത്തരത്തിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി.

ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്തു നിന്നും നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള കർശന നിർദ്ദേശങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) നേരിട്ട് ഉറപ്പുവരുത്തണമെന്നും കമ്മീഷൻ ഉത്തരവിട്ടു. അമരവിള സ്വദേശിയായ ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഈ സുപ്രധാന ഇടപെടൽ.

വിഷയത്തിൽ കമ്മീഷൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. പ്രതികളുടെ മനുഷ്യാവകാശങ്ങളും അന്തസ്സും ലംഘിക്കുന്ന തരത്തിലുള്ള യാതൊരുവിധ പ്രവൃത്തികളും പോലീസ് സേനാംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് പോലീസ് ആസ്ഥാനത്തു നിന്നും കമാൻഡ് വിംഗുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എഡിജിപി കമ്മീഷനെ റിപ്പോർട്ടിലൂടെ അറിയിച്ചു. ഈ ആസ്ഥാന നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ലോക്കപ്പിലുള്ളവർ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന മുൻവിധിയിലാണ് പലപ്പോഴും വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പോലീസ് നിർബന്ധിക്കുന്നത്. എന്നാൽ, കുറ്റാരോപിതർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കേരള പോലീസ് ആക്ട് അനുവാദം നൽകുന്നുണ്ടെന്നും, അതിനെ മറികടന്ന് പ്രതികളെ അപമാനിക്കുന്ന രീതിയിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ചു നിർത്തുന്നത് നിയമവിരുദ്ധമാണെന്നും മനുഷ്യാവകാശ കമ്മീഷൻ മുൻ ഉത്തരവുകളിലും ചൂണ്ടിക്കാണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *