തമിഴ്നാട്ടിലെ എം കെ സ്റ്റാലിൻ നേതൃത്വത്തിലുള്ള ഡിഎംകെ, മുഖ്യമന്ത്രി സി ജോസഫ് വിജയുടെ ടിവികെ സർക്കാരിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി രംഗത്തെത്തി. ടിവികെ നേതൃത്വത്തിലുള്ള സർക്കാർ “എപ്പോൾ വേണമെങ്കിലും തകരാം” എന്നാണ് സ്റ്റാലിൻ പാർട്ടി നേതാക്കളുടെ യോഗത്തിൽ അഭിപ്രായപ്പെട്ടത്.
ചെന്നൈയിൽ നടന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കവേ, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വവും സ്റ്റാലിൻ ഏറ്റെടുത്തു. പാർട്ടിയുടെ തോൽവിക്കുള്ള കാരണങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയതെന്നും അദ്ദേഹം അറിയിച്ചു.
ടിവികെ സർക്കാർ സ്ഥിരതയില്ലാത്ത പുറത്തുനിന്നുള്ള പിന്തുണകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. നിയമസഭയിൽ വിശ്വാസവോട്ട് നേടുന്നതിനായി രാഷ്ട്രീയ കച്ചവടങ്ങൾ നടന്നുവെന്നും ഡിഎംകെ ആരോപിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാനായിരുന്നില്ല. തുടർന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെയും പുറത്തുനിന്നുള്ള പിന്തുണയുടെയും സഹായത്തോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്.

