ബീജിംഗ്: ഹോങ്കോങ്ങിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവും മാധ്യമ വ്യവസായിയുമായ ജിമ്മി ലായിയുടെ മോചനവുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ ചർച്ചകളിൽ ശുഭപ്രതീക്ഷയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജിമ്മി ലായിയുടെ കേസ് താൻ ഷി ജിൻപിംഗിന് മുന്നിൽ ഉന്നയിച്ചതായും എന്നാൽ ചൈനയുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമല്ല ഉണ്ടായതെന്നും ട്രംപ് വ്യക്തമാക്കി.
രണ്ടുദിവസത്തെ ചൈന സന്ദർശനം പൂർത്തിയാക്കി എയർഫോഴ്സ് വണ്ണിൽ മടങ്ങവെയാണ് ട്രംപ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്. ചൈനയിൽ തടവിലാക്കപ്പെട്ട ഒരു ചർച്ച് പാസ്റ്ററെ മോചിപ്പിക്കുന്ന കാര്യം ചൈനീസ് പ്രസിഡന്റ് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് താൻ കരുതുന്നത്, എന്നാൽ ജിമ്മി ലായിയുടെ കാര്യം തികച്ചും സങ്കീർണ്ണമാണെന്ന് ചൈന വ്യക്തമാക്കിയതായി ട്രംപ് പറഞ്ഞു. “ജിമ്മി ലായിയുടെ വിഷയം താൻ ഉന്നയിച്ചപ്പോൾ അതൊരു കടുത്ത തീരുമാനമാണെന്നാണ് (Tough one) ഷി ജിൻപിംഗ് പ്രതികരിച്ചത്. പിന്നീട് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ഈ ചർച്ചയിൽ തനിക്ക് ഒട്ടും ശുഭപ്രതീക്ഷ തോന്നുന്നില്ലെന്ന്” ട്രംപ് ആവർത്തിച്ചു.
ബെയ്ജിംഗ് ഏർപ്പെടുത്തിയ കടുത്ത ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ ഫെബ്രുവരിയിലാണ് 78 കാരനായ ജിമ്മി ലായിയെ ചൈന 20 വർഷത്തെ തടവിന് ശിക്ഷിച്ചത്. ബ്രിട്ടീഷ് പൗരത്വം കൂടിയുള്ള ജിമ്മി ലായിയുടെ മോചനത്തിനായി യുഎസ് പ്രസിഡന്റ് ഇടപെടണമെന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും വലിയ ആഗ്രഹമായിരുന്നു. തടവറയിൽ ജിമ്മി ലായിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹത്തിന്റെ മകൾ ക്ലെയർ വെളിപ്പെടുത്തി. പ്രമേഹബാധിതനായ അദ്ദേഹത്തെ എയർകണ്ടീഷണർ പോലുമില്ലാത്ത അതീവ സുരക്ഷാ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. വേനൽക്കാലത്ത് 44 ഡിഗ്രി വരെ ചൂടുയരുന്ന തടവറയിൽ കിടന്ന് അദ്ദേഹത്തിന്റെ ശരീരഭാരം വലിയ തോതിൽ കുറഞ്ഞതായും നഖങ്ങളും പല്ലുകളും ജീർണ്ണിക്കുന്ന അവസ്ഥയിലാണെന്നും കുടുംബം ആശങ്കപ്പെടുന്നു.
1997-ൽ ഹോങ്കോങ്ങ് ചൈനയ്ക്ക് കൈമാറിയപ്പോൾ ഉറപ്പുനൽകിയ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടതിനാണ് ജിമ്മി ലായിയെ ചൈനീസ് ഭരണകൂടം പീഡിപ്പിക്കുന്നതെന്ന ആക്ഷേപം യുകെ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിൽ ശക്തമാണ്. ട്രംപിന്റെ ഇടപെടലിൽ നന്ദിയുണ്ടെന്നും ചൈനീസ് പ്രസിഡന്റ് നീതിപൂർവ്വമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജിമ്മി ലായിയുടെ മകൾ പ്രതികരിച്ചു.

