പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ റോട്ട്നെസ്റ്റ് ദ്വീപിന് (Rottnest Island) സമീപം സ്രാവിന്റെ ആക്രമണത്തിൽ 38 കാരനായ യുവാവ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തിൽ ഞെട്ടിക്കുന്ന ഈ ദുരന്തമുണ്ടായത്.
ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ഹോഴ്സ്ഷൂ റീഫിൽ (Horseshoe Reef) യുവാവ് വെള്ളത്തിലിറങ്ങിയ സമയത്താണ് സ്രാവിന്റെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ മറ്റൊരു ബോട്ടിൽ കയറ്റി തീരത്തുള്ള ജോർഡി ബേയിൽ (Geordie Bay) എത്തിച്ചു. ഇവിടെ വെച്ച് സെന്റ് ജോൺ ആംബുലൻസ് പാരാമെഡിക്കൽ സംഘം അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദഗ്ദ്ധ ചികിത്സയ്ക്കായി മെയിൻലാൻഡിലെ ആശുപത്രിയിലേക്ക് മാറ്റാൻ എയർ ആംബുലൻസ് ഹെലികോപ്റ്റർ ദ്വീപിൽ എത്തിച്ചിരുന്നെങ്കിലും അതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
ആക്രമണം നടന്ന സമയത്ത് തീരത്ത് നിന്നും ഏകദേശം 80 മീറ്റർ മാത്രം അകലെയായി അഞ്ച് മീറ്ററോളം നീളമുള്ള ഒരു കൂറ്റൻ വെള്ള സ്രാവിനെ (White Shark) കണ്ടതായി സർഫ് ലൈഫ് സേവിംഗ് വെസ്റ്റേൺ ഓസ്ട്രേലിയ അറിയിച്ചു. സംഭവത്തെ തുടർന്ന് ജോർഡി ബേ പരിസരത്തുള്ളവരോടും വിനോദസഞ്ചാരികളോടും അതീവ ജാഗ്രത പാലിക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് റീജിയണൽ ഡെവലപ്മെന്റ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഫ്രീമാന്റിൽ തീരത്ത് നിന്നും 19 കിലോമീറ്റർ അകലെയുള്ള റോട്ട്നെസ്റ്റ് ദ്വീപിലേക്ക് പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയൻ പോലീസ് തുടർനടപടികൾ സ്വീകരിക്കുകയും മരണകാരണം സംബന്ധിച്ച് കോറോണർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.

