മെൽബൺ: മെൽബണിൽ മുൻ ബൈക്കേഴ്സ് ഗ്യാങ് ലീഡറുടെ മകനെ സായുധ സംഘം വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. പ്രമുഖ ബൈക്കേഴ്സ് ഗ്രൂപ്പായ ‘മംഗോൾസ്’ ചാപ്റ്റ റിന്റെ മുൻ മേധാവി ജോസഫ് ലോങ്കോർഡോയുടെ മകൻ പാട്രിക് ലോങ്കോർഡോ (30) ആണ് കൊല്ല പ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സൗത്ത് മൊറാങ്ങിലുള്ള ഇയാളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഏഴോളം വരുന്ന സുഡാനി വംശജരടങ്ങുന്ന സായുധ സംഘമാണ് കൃത്യം നടത്തിയത്.
പാട്രിക് ലോങ്കോർഡോ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മാരകായുധങ്ങളുമായി സംഘം മുൻവാതിൽ തകർത്ത് അകത്തുകയറിയത്. ഈ സമയം പാട്രിക്കിന്റെ സഹോദരൻ ജെയിംസും രണ്ട് കുട്ടികളും വീട്ടിൽ ഉറങ്ങുന്നു ണ്ടായിരുന്നു. ഇവരുടെ മുന്നിൽ വെച്ചാണ് പാട്രിക്കിനെ സംഘം ബലമായി കാറിൽ വലിച്ച് കയറ്റി കൊണ്ടു പോയത്. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം, പുലർച്ചെ 4.30-ഓടെ മെൽബൺ സിബിഡിയിൽ നിന്നും 25 കിലോമീറ്റർ പടിഞ്ഞാറുള്ള ടാർണീറ്റിലെ ബ്രൂണി ഡ്രൈവിന് സമീപമുള്ള ഒരു കളിക്കളത്തിൽ ഇയാളുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും കടും നിറത്തിലുള്ള ഒരു മാസ്ഡ എസ്യുവി അമിതവേഗതയിൽ ഓടിച്ചുപോകുന്നത് കണ്ടതായി വിവരമുണ്ട്. ഈ വാഹനം പിന്നീട് രാവിലെ ആറ് മണിയോടെ ഐൻസ്ബറിക്ക് സമീപമുള്ള വിജനമായ റോഡിൽ തീയിട്ടു നശിപ്പിച്ച നിലയിൽ കണ്ടെത്തി.
കൊല്ലപ്പെട്ട പാട്രിക് ലോങ്കോർഡോ മുൻപ് പോലീസിന് അറിയാവുന്ന വ്യക്തിയാണെന്നും, ആസൂത്രിതമായാണ് ഈ ആക്രമണം നടന്നിരിക്കുന്നതെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഡീൻ തോമസ് വ്യക്തമാക്കി.എന്നാൽ ഈ കൊലപാതകത്തിന് ബൈക്കേഴ്സ് ഗ്യാങ്ങുകളുമായി നിലവിൽ ബന്ധമില്ലെന്നാണ് പാട്രിക്കിന്റെ സുഹൃത്തു ക്കൾ പറയുന്നത്. മകന്റെ മരണവിവരമറിഞ്ഞ് ബാലിയിലായിരുന്ന പിതാവ് ജോസഫ് ലോങ്കോർഡോ മെൽബ ണിൽ തിരിച്ചെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് നഗരത്തിൽ ഗ്യാങ്ങുകൾ തമ്മിൽ പ്രതികാര ആക്രമണ ങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഹോമിസൈഡ് സ്ക്വാഡും ബൈക്കേഴ്സ് ഗ്യാങ്ങുകളെ നിരീക്ഷിക്കുന്ന ‘എക്കോ ടാസ്ക് ഫോഴ്സും’ ചേർന്ന് സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കി. പാട്രിക്കിനെ വീട്ടിൽ വെച്ചാണോ അതോ വാഹനത്തിനുള്ളിൽ വെച്ചാണോ കൊലപ്പെടുത്തിയത് എന്ന് വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്.

