ഇ
ഹേഗ്: അവസരങ്ങളുടെ നാടായി മാറിയ ഇന്ത്യ ഇന്ന് അഭൂതപൂർവമായ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സ്വന്തം അതിരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെതർലൻഡ്സിലെ ദി ഹേഗ് നഗരത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ഇന്ന് വലിയ സ്വപ്നങ്ങളാണ് കാണുന്നതെന്നും രാജ്യത്തെ യുവാക്കൾ ആകാശം തൊടാൻ ആഗ്രഹിക്കുന്നവരാണെന്നും മോദി പറഞ്ഞു. രാജ്യത്തിന് വെറും മാറ്റമല്ല, ഏറ്റവും മികച്ചതും വേഗമേറിയതുമായ പരിവർത്തനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിരുകളില്ലാത്തതുപോലെ ലക്ഷ്യപ്രാപ്തിക്കായുള്ള പരിശ്രമങ്ങൾക്കും പരിധികളില്ലാത്ത അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചതും വിജയകരമായ ജി20 ഉച്ചകോടി സംഘടിപ്പിച്ചതും രാജ്യത്തിന്റെ ആഗോള മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ശൃംഖലയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക, ആഗോള നിർമാണ ഹബ്ബായി മാറുക, ഹരിതോർജ രംഗത്ത് ലോകത്തിന് മാതൃകയാകുക, സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയാകുക എന്നിവയാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെയും മോദി പരാമർശിച്ചു. 80 മുതൽ 90 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തിയതും സ്ത്രീകളുടെ വോട്ടിംഗ് പങ്കാളിത്തം വർധിച്ചതും രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

