ബന്ദികളുടെ മോചനം: മണിപ്പുരിൽ ചർച്ചകൾ തുടരുന്നു

ഇംഫാൽ: മണിപ്പുരിൽ സായുധസംഘങ്ങൾ ബന്ദികളാക്കിയ ആളുകളെ മോചിപ്പിക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നു. സംസ്ഥാന സർക്കാരും സുരക്ഷാസേനയും വിവിധ സാമൂഹിക സംഘടനകളും ചേർന്നാണ് മോചന ശ്രമങ്ങൾ നടത്തുന്നത്.

കാങ്പോക്പി, സേനാപതി ജില്ലകളിലായി ബന്ദിയാക്കപ്പെട്ട 38 പേരിൽ 31 പേരെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിട്ടയച്ചതായി അധികൃതർ അറിയിച്ചു. മോചിതരായവരിൽ നാഗ, കുക്കി സമൂഹങ്ങളിലെ സ്ത്രീകളും ചില മതപണ്ഡിതരും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് പാസ്റ്റർമാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നുണ്ടായ സംഘർഷങ്ങളാണ് ആളുകളെ ബന്ദികളാക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിവിധ സായുധസംഘങ്ങൾ തമ്മിലുള്ള പ്രതികാരനടപടികളുടെ ഭാഗമായാണ് ഈ സംഭവങ്ങൾ ഉണ്ടായതെന്നാണ് സുരക്ഷാ വൃത്തങ്ങൾ വിലയിരുത്തുന്നത്. അവശേഷിക്കുന്നവരുടെ മോചനത്തിനായി ചർച്ചകൾ തുടരുകയാണെന്ന് മണിപ്പുര്‍ ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കോന്തൗജം അറിയിച്ചു. സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *