ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ വിവിധ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന ആരോപണം ശക്തമാകുന്നു. യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിന് ഇറാനെയോ ഇറാൻ അനുകൂല സംഘങ്ങളെയോ ഉത്തരവാദികളാക്കിയാണ് യുഎഇ രംഗത്തെത്തിയത്.
ആക്രമണത്തിൽ ആണവനിലയത്തിന് സമീപമുള്ള വൈദ്യുത ജനറേറ്ററിന് തീപിടിച്ചെങ്കിലും ആണവ ചോർച്ചയോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് യുഎഇ അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ആശങ്ക രേഖപ്പെടുത്തി. അതേസമയം, അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുവെന്ന ആരോപണവുമായി ടെഹ്റാനും രംഗത്തെത്തി. വെടിനിർത്തൽ ലംഘിച്ച് അമേരിക്ക ഇറാനിയൻ മേഖലകളിലും കപ്പലുകളിലും ആക്രമണം നടത്തിയെന്നാണ് ഇറാന്റെ ആരോപണം.
അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായാണ് മേഖലയിലെ ചില സൈനിക നീക്കങ്ങളെന്നും ഇറാൻ വിശദീകരിച്ചു. എന്നാൽ ഇറാന്റെ നടപടികൾ പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും പ്രതികരിച്ചു. ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.

