ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: വാർത്തയിലല്ല കാര്യം, റിപ്പോർട്ട് എവിടെ? പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമർശനം

ആലപ്പുഴ: നവകേരള യാത്രയുമായി ബന്ധപ്പെട്ട് ആലപ്പുഴയിലുണ്ടായ ‘രക്ഷാപ്രവർത്തന’ കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വർഗീസാണ് പ്രോസിക്യൂഷന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചത്.

പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പറയുന്ന പോലീസ് റിപ്പോർട്ട് എവിടെയെന്ന് അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. “മാധ്യമങ്ങളിൽ വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണ്‌,” എന്ന് കോടതി വ്യക്തമാക്കി.വകുപ്പുകൾ ചുമത്തിയുള്ള കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാതെ, പ്രതികൾക്ക് ജാമ്യം ലഭിക്കാവുന്നതാണോ അതോ ജാമ്യമില്ലാത്തതാണോ എന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദ്യമുന്നയിച്ചു.

നിലവിലെ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നിഷേധിക്കാൻ തക്കവണ്ണമുള്ള വകുപ്പുകൾ രേഖപ്പെടുത്തിയ റിപ്പോർട്ട് മുന്നിലില്ലെന്ന് കോടതി നിരീക്ഷിച്ചു.തുടർന്ന് കേസ് ഡയറിയും കൃത്യമായ റിപ്പോർട്ടും ഉടൻ തന്നെ ഹാജരാക്കാൻ പോലീസിന് കോടതി നിർദ്ദേശം നൽകി. പോലീസ് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *