കിഴക്കൻ ലെബനനിലെ ബെക്കാ താഴ്വര മേഖലയിലെ ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ലെബനൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹെസ്ബൊള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. ലെബനനിൽ ഹെസ്ബൊള്ളയ്‌ക്കെതിരായ സൈനിക നടപടി ശക്തമാക്കാൻ നിർദേശം നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെയും ഇസ്രയേലും ഹെസ്ബൊള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
തെക്കൻ ലെബനനിലും ബെക്കാ താഴ്വരയിലുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഘർഷം രൂക്ഷമായതോടെ ലെബനനിലെ സാധാരണ ജനങ്ങൾ വലിയ ദുരിതം നേരിടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഹെസ്ബൊള്ള ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

