പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലുണ്ടായ ദരുണമായ കാറപകടത്തിൽ യുകെയിൽ നിന്നുള്ള 21 വയസ്സുകാരി മരണപ്പെട്ടു. വെയ്ൽസ് സ്വദേശിനിയായ ആനി ഇവാൻസ്-ലൂയിസ് ആണ് മരിച്ചത്. പങ്കാളിക്കൊപ്പം ഓസ്ട്രേലിയയിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ എത്തി മാസങ്ങൾക്കകമാണ് യുവതിയെ മരണം കവർന്നത്.
പെർത്തിന് തെക്കുകിഴക്ക് ഏകദേശം 166 കിലോമീറ്റർ അകലെയുള്ള ഗ്രാമീണ റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആനിയെ ഉടൻ തന്നെ എയർ ആംബുലൻസ് മാർഗ്ഗം റോയൽ പെർത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ മേഖലയിൽ മൂന്ന് വർഷത്തെ കാർഷിക സ്പോൺസർഷിപ്പ് ലഭിച്ചതിനെത്തുടർന്നാണ് ആനിയുടെ കാമുകനായ കായ് ജെയിംസ് ഓസ്ട്രേലിയയിൽ എത്തിയത്. തുടർന്ന് 2025 സെപ്റ്റംബറിലാണ് ആനിയും വെസ്റ്റേൺ ഓസ്ട്രേലിയയിലേക്ക് താമസം മാറിയത്. അപകടം നടന്ന ദിവസം ഇരുവരും ഒന്നിച്ച് സമയം ചിലവഴിച്ച ശേഷം അന്ന് ഉച്ചയ്ക്കാണ് പിരിഞ്ഞത്. തുടർന്ന് ഇതേ റൂട്ടിൽ യാത്ര ചെയ്യുകയായിരുന്ന കായ് ജെയിംസ് ആണ് അപകടം നടന്നതിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്ത് ആദ്യം എത്തിയത്. വെയ്ൽസിലെയും ഓസ്ട്രേലിയയിലെയും ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും വലിയ ആഘാതത്തിലാണ്.

