ജ്യോതിയെ തകർത്തു; ഏഷ്യൻ ഗെയിംസ് ട്രയൽസിൽ വിജയത്തോടെ വിനേഷ് ഫോഗട്ടിന്റെ മുന്നേറ്റം

വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസ് തിരഞ്ഞെടുപ്പ് ട്രയൽസിൽ വിജയത്തോടെ മുന്നേറി. ഹരിയാനയുടെ ജ്യോതിയെ ഏകപക്ഷീയമായ പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് താരം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഏഴ് പോയിന്റിന്റെ വലിയ മാർജിനിലായിരുന്നു വിനേഷിന്റെ ജയം. ഈ വിജയത്തോടെ വിനേഷ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇനി ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളാണ് താരത്തിന് മുന്നിലുള്ളത്.

ട്രയൽസിൽ പങ്കെടുക്കാനുള്ള വിനേഷിന്റെ അവകാശത്തെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ നിയമപോരാട്ടം നടന്നിരുന്നു. വിനേഷിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. രാജ്യത്തിന് അഭിമാനമായ താരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ നിഷേധിച്ചത്.

ഡൽഹി ഹൈക്കോടതി നൽകിയ അനുമതിക്കെതിരെ ഡബ്ല്യുഎഫ്ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ട്രയൽസിന് തൊട്ടുമുമ്പ് മത്സരക്രമത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ഇതോടെയാണ് വിനേഷിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാനുള്ള വഴി തുറന്നത്. 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാനുള്ള അനുമതിയും പിന്നീട് ഡബ്ല്യുഎഫ്ഐ നൽകിയിരുന്നു. ഇതോടെയാണ് ഭാരവിഭാഗത്തെച്ചൊല്ലിയ അനിശ്ചിതത്വത്തിനും വിരാമമായത്.

Leave a Reply

Your email address will not be published. Required fields are marked *