വാഷിംഗ്ടൺ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) പൊട്ടിപ്പുറപ്പെട്ട എബോള ബാധയെത്തുടർന്ന്, രോഗബാധിതരാകുന്ന അമേരിക്കൻ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടു വരുന്നതിന് പകരം കെനിയയിൽ ക്വാറന്റൈൻ, ചികിത്സാ കേന്ദ്രം ഒരുക്കാൻ ട്രംപ് ഭരണകൂടം നീക്കം നടത്തു ന്നതായി റിപ്പോർട്ട്. എബോള സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന അമേരിക്കക്കാർക്കായി കെനിയയിൽ പ്രത്യേക സൗകര്യം ഒരുക്കുന്ന കാര്യം വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദീർഘദൂര യാത്രകൾ ചെയ്ത് അമേരിക്കയിലേക്ക് തിരികെ എത്തിക്കുന്നതിലെ അപകടസാധ്യതകൾ ഒഴിവാക്കാനും, ഡിആർസിയിൽ നിന്ന് വേഗത്തിൽ മാറ്റിപ്പാർപ്പിച്ച് മികച്ച പരിചരണം നൽകാനുമാണ് കെനിയയിൽ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മാധ്യമമായ ‘ദി ഗാർഡിയനോട്’ വ്യക്തമാക്കി. രോഗബാധിതരാകുന്ന അമേരിക്കക്കാർക്ക് ഇവിടെ തീവ്രപരിചരണം ഉൾപ്പെടെയുള്ള ചികിത്സ ലഭ്യമാക്കും. എന്നാൽ, തുടർചികിത്സ ആവശ്യമെങ്കിൽ ഇവരെ അമേരിക്കയിലേക്കാണോ അതോ യൂറോപ്പി ലേക്കാണോ മാറ്റുക എന്ന കാര്യത്തിലും, കെനിയയിലേക്ക് പോകാൻ താല്പര്യമില്ലാത്തവരെ നാട്ടിലേക്ക് വരാൻ അനുവദിക്കുമോ എന്നതിലും വൈറ്റ് ഹൗസ് വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ ഡിആർസി, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ളവർക്ക് അമേരിക്കയിലേക്ക് മടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നയത്തിനെതിരെ ആരോഗ്യരംഗത്തെ പ്രമുഖ വിദഗ്ധർ കടുത്ത വിയോജിപ്പും ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്. നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച ലോകോത്തര ബയോ കണ്ടെയിൻമെന്റ് സംവിധാനങ്ങൾ അമേരിക്കയിൽ ലഭ്യമായിരിക്കെ, പൗരന്മാരെ നാട്ടിലേക്ക് വരുന്നതിൽ നിന്ന് തടയുന്നത് ഞെട്ടിക്കുന്നതാണെന്ന് ബ്രൗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പാൻഡെമിക് സെന്റർ ഡയറക്ടറും എപ്പിഡെമിയോളജിസ്റ്റുമായ ജെന്നിഫർ നുസ്സോ അഭിപ്രായപ്പെട്ടു. കൃത്യമായ ആസൂത്ര ണമില്ലാതെ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് വൈറസ് വ്യാപനം കൂട്ടിയേക്കാമെന്നും, നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്ന ഭയം കാരണം ആളുകൾ രോഗവിവരങ്ങൾ ഒളിച്ചുവെക്കാൻ ഇത് കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ എബോള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോകുന്ന ആരോഗ്യപ്രവർത്തകർക്കും വിദഗ്ധർക്കും തങ്ങൾക്ക് രോഗം ബാധിച്ചാൽ സ്വന്തം നാട്ടിൽ മികച്ച ചികിത്സ ലഭിക്കുമെന്ന ഉറപ്പുണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനം പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോകുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്നും, രോഗബാധ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും റെഫ്യൂജീസ് ഇന്റർനാഷണൽ പ്രസിഡന്റും മുൻ യുഎസ് എയ്ഡ് (USAID) കോവിഡ് ടാസ്‌ക് ഫോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ജെറമി കോനിൻഡിക് വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വ്യക്തികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അമേരിക്കയ്ക്ക് മുൻപരിചയമുണ്ടായിട്ടും ഇത്തരം യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്നത് പ്രതികൂല ഫലമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

