കെനിയയിൽ സ്കൂൾ ഹോസ്റ്റലിലുണ്ടായ വൻ തീപിടിത്തത്തിൽ 16 വിദ്യാർത്ഥിനികൾ വെന്തുമരിച്ചു; നിരവധി പേർക്ക് പരിക്ക്

നെയ്‌റോബി: കെനിയയിലെ റിഫ്റ്റ് വാലിയിലുള്ള പെൺകുട്ടികളുടെ സ്കൂൾ ഹോസ്റ്റലിലുണ്ടായ ഭീകരമായ തീപിടിത്തത്തിൽ കുറഞ്ഞത് 16 വിദ്യാർത്ഥിനികൾ മരിച്ചു. നെയ്‌റോബിയിൽ നിന്ന് 76 മൈൽ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നകുരു കൗണ്ടിയിലെ ഗിൽഗിലിലുള്ള ‘ഉതുമിഷ ഗേൾസ് അക്കാദമി’യിലാണ് സംഭവം. അർദ്ധരാത്രിക്ക് ശേഷമാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

അപകടത്തിൽ 79 വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റതായും ഇതിൽ 71 പേർ ആശുപത്രി വിട്ടതായും വിദ്യാഭ്യാസ മന്ത്രി ജൂലിയസ് മിഗോസ് ഒഗാംബെ വാർത്താലേഖകരെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാൽ തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15-നും 18-നും ഇടയിൽ പ്രായമുള്ള 220-ഓളം പെൺകുട്ടികൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. തീപിടിത്തമുണ്ടായ സമയത്ത് രണ്ടാമത്തെ നിലയിലെ വാതിലുകൾ ലോക്ക് ചെയ്തിരുന്നതായും, രക്ഷപ്പെടാനായി ജനലിലൂടെ താഴേക്ക് ചാടിയ ചില കുട്ടികളാണ് മരണപ്പെട്ടതെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് മെത്തയ്ക്ക് തീയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് രക്ഷപ്പെട്ട പല കുട്ടികളും മൊഴി നൽകിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് ഗിൽഗിലിലെ തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് കെനിയൻ റെഡ് ക്രോസ് അറിയിച്ചു. പരിക്കേറ്റ പല വിദ്യാർത്ഥികളെയും കൗണ്ടി ഫയർ ബ്രിഗേഡ്, ഡിസാസ്റ്റർ റെസ്‌പോൺസ് ടീം, പോലീസ്, റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ നിരവധി രക്ഷിതാക്കളാണ് മക്കളെക്കുറിച്ചുള്ള വിവരങ്ങൾക്കായി സ്കൂൾ പരിസരത്ത് തടിച്ചുകൂടിയത്.

കെനിയയിൽ സമീപവർഷങ്ങളിൽ സ്കൂളുകളിലുണ്ടാകുന്ന സമാനമായ നിരവധി മാരകമായ തീപിടിത്തങ്ങളിൽ ഒടുവിലത്തേതാണ് ഈ ദുരന്തം. 2024-ൽ സെൻട്രൽ കെനിയയിലെ ഒരു ബോർഡിംഗ് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ 21 ആൺകുട്ടികളും, 2017-ൽ നെയ്‌റോബിയിലെ കിബേരയിലുണ്ടായ അപകടത്തിൽ 9 പെൺകുട്ടികളും മരണപ്പെട്ടിരുന്നു. രാജ്യത്തെ ഭൂരിഭാഗം സർക്കാർ സെക്കൻഡറി സ്കൂളുകളും ഇത്തരം തീപിടിത്തങ്ങളെ പ്രതിരോധിക്കാൻ സജ്ജമല്ലെന്ന് 2022-ലെ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *