മോസ്കോ: റഷ്യയിലെ പ്രമുഖ ഊർജ്ജകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ന്റെ വ്യാപക ഡ്രോൺ ആക്രമണം. റഷ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ റൊസ്തോവ് ഒബ്ലാസ്റ്റിലെ ടാഗൻറോഗിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
പ്രദേശത്തെ ഓയിൽ ടാങ്കർ, ഇന്ധന ടാങ്ക്, ഒരു സർക്കാർ കെട്ടിടം എന്നിവയ്ക്ക് നേരെയാണ് ഡ്രോൺ പതിച്ചത്. ആക്രമണത്തെത്തുടർന്ന് ടാഗൻറോഗിലെ തുറമുഖത്ത് വലിയ രീതിയിൽ തീപിടിത്തമുണ്ടായി. കൂടാതെ സമീപത്തുള്ള ഒരു വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.
അതേസമയം, വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് റഷ്യൻ സേന നിരവധി യുക്രെയ്നിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാ-രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

