വാഷിംഗ്ടൺ: ദ്വീപ് രാഷ്ട്രമായ ക്യൂബയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദം ശക്തമാക്കുന്നതിനിടയിൽ, ലാറ്റിൻ അമേരിക്കയിലെ മുതിർന്ന യുഎസ് സൈനിക കമാൻഡർ ക്യൂബൻ സൈനിക മേധാവികളുമായി നിർണായക കൂടിക്കാഴ്ച നടത്തി.
യുഎസ് സതേൺ കമാൻഡ് മേധാവി ജനറൽ ഫ്രാൻസിസ് ഡോണോവനാണ് ക്യൂബൻ ലെഫ്റ്റനന്റ് ജനറൽ റോബർട്ടോ ലെഗ്രാ സോട്ടോലോംഗോയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയത്. ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവികസേനാ താവളത്തിന് സമീപത്തുവെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
കഴിഞ്ഞ ജനുവരിയിൽ യുഎസ് നടത്തിയ സൈനിക നീക്കത്തിലൂടെ വെനിസ്വേലൻ ഭരണാധികാരി നിക്കോളാസ് മഡുറോയെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ക്യൂബയ്ക്കുമേൽ എണ്ണ ഉപരോധം ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ യുഎസ് ഏർപ്പെടുത്തുകയും, മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ ഫെഡറൽ കുറ്റപത്രം ചുമത്തുകയും ചെയ്തിരുന്നു. കൂടാതെ കരീബിയൻ കടലിൽ യുഎസ് സൈനികവിന്യാസവും ശക്തമാക്കിയിട്ടുണ്ട്.
യുഎസ് സൈനികതാവളത്തെ വേർതിരിക്കുന്ന അതിർത്തിയിലെ സുരക്ഷാപ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ക്യൂബൻ റെവല്യൂഷനറി ആംഡ് ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇരു സൈനിക കമാൻഡുകൾക്കുമിടയിൽ സുഗമമായ ആശയവിനിമയം നിലനിർത്താൻ ചർച്ചയിൽ ധാരണയായിട്ടുണ്ട്. നേരത്തെ ക്യൂബയുമായി ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ യുഎസ് തേടിയിരുന്നെങ്കിലും, അതിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്തതിനെത്തുടർന്നാണ് ട്രംപ് ഭരണകൂടം കടുത്ത ഉപരോധങ്ങളിലേക്ക് നീങ്ങിയത്.

