യുഎസ്-ഇറാൻ സമാധാനക്കരാർ നീളുന്നു; ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു



വാഷിംഗ്ടൺ ഡിസി: യുഎസും ഇറാനും തമ്മിലുള്ള സമാധാനക്കരാർ അന്തിമ തീരുമാനമാകാതെ വീണ്ടും നീളുന്നു. വെടിനിർത്തൽ നീട്ടുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലും ധാരണയിലെത്താൻ സാധിച്ചില്ല. ഇരുരാജ്യങ്ങളും കരാറിലേക്ക് അടുക്കുകയാണെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ ചർച്ചകൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്.


ആണവായുധങ്ങൾ കൈവശം വയ്ക്കില്ലെന്നും ഹോർമുസ് കടലിടുക്ക് തുറന്നുനൽകുമെന്നും ഇറാൻ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ഈ അവകാശവാദത്തെ പൂർണ്ണമായി തള്ളി ഇറാൻ രംഗത്തെത്തി. ട്രംപ് അനാവശ്യ ആവശ്യങ്ങൾ ഉന്നയിച്ച് ജനാധിപത്യത്തെ വഞ്ചിക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേശകൻ കുറ്റപ്പെടുത്തി. തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും, നിലവിലുള്ള പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ഇറാൻ വ്യക്തമാക്കി.


കരാർ പ്രകാരം വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനും, ഇറാന്റെ ആണവ പദ്ധതികളുടെ ഭാവിയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായി കഴിഞ്ഞ ദിവസം യുഎസ് വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. യുഎസും ഇറാനും കരാറിന് തൊട്ടടുത്താണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും, പ്രായോഗികമായി ഇതുവരെ കാര്യമായ ഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *