പണം നൽകി എം.എൽ.എമാരെ ചാടിക്കുന്നു; ടി.വി.കെക്കെതിരെ ഗവർണർക്ക് പരാതി നൽകി അണ്ണാ ഡി.എം.കെ

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ടി.വി.കെ (തമിഴക വെട്രി കഴകം) വൻതോതിൽ പണം നൽകി മറ്റ് പാർട്ടികളിലെ എം.എൽ.എമാരെ ആകർഷിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് പരാതി നൽകി. എം.എൽ.എമാരെ വിലയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിൽ ശക്തമായ വാക്‌പോര് നിലനിൽക്കുന്നതിനിടെയാണ് അണ്ണാ ഡി.എം.കെ പ്രതിനിധികൾ ശനിയാഴ്ച രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്.

ടി.വി.കെ നടത്തുന്ന ഈ കുതിരക്കച്ചവടത്തിന് പിന്നിലെ പണമിടപാടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും അണ്ണാ ഡി.എം.കെ ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ണാ ഡി.എം.കെ രാജ്യസഭാംഗം എം. ധനപാൽ, പാർട്ടി വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തി എന്നിവരാണ് ഗവർണർക്ക് പരാതി സമർപ്പിച്ചത്.

അണ്ണാ ഡി.എം.കെയിലെ 25 എം.എൽ.എമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെ നേരത്തെ രംഗത്തുവരികയും നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ ടി.വി.കെയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇവരിൽ നാല് പേർ പിന്നീട് എം.എൽ.എ സ്ഥാനം രാജിവെയ്ക്കുകയുമുണ്ടായി. ഇതിന് പിന്നാലെ അണ്ണാ ഡി.എം.കെയിലെ 90 ശതമാനം എം.എൽ.എമാരും ടി.വി.കെയിൽ ചേരാൻ ഒരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി ആധവ് അർജുന പ്രസ്താവിച്ചത് അണ്ണാ ഡി.എം.കെ ക്യാമ്പിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

ടി.വി.കെ നടത്തുന്ന കുതിരക്കച്ചവടം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അണ്ണാ ഡി.എം.കെ നേതാവ് ആർ.ബി. ഉദയകുമാർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *