മെൽബൺ: ഓസ്ട്രേലിയയിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാർട്ടിയെന്ന സ്ഥാനം നിലനിർത്തുന്നതിനും മുൻകാലങ്ങളിലുണ്ടായതു പോലുള്ള കടുത്ത രാഷ്ട്രീയ തിരിച്ചടികൾ ഒഴിവാക്കുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോളിൻ ഹാൻസന്റെ വൺ നേഷൻ പാർട്ടി ഒരുങ്ങുന്നു. ആഗോളതലത്തിൽ, പ്രത്യേകിച്ച് അമേരിക്കയിൽ ഉൾപ്പെടെ വൻകിട കമ്പനികളും പ്രസ്ഥാനങ്ങളും ഉപയോഗിക്കുന്ന ‘ഹൈ-ടെക് ഡീപ് ഡൈവ് പരിശോധനാ രീതികളാണ് പാർട്ടി ഇതിനായി കടമെടുത്തിരിക്കുന്നത്. വരാനിരിക്കുന്ന വിക്ടോറിയ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് എത്തിയ 1,200 ഓളം അപേക്ഷകരെ ഈ പുതിയ സംവിധാനത്തിലൂടെയായിരിക്കും പാർട്ടി വിലയിരുത്തുക.
ഒരു മാസം മുൻപ് നടന്ന പ്രീ-ബജറ്റ് പോളിനേക്കാൾ നാല് ശതമാനം വോട്ട് വിഹിതം വർദ്ധിപ്പിച്ച്, നിലവിൽ 31 ശതമാനം പ്രൈമറി പിന്തുണയോടെ ഭരണകക്ഷിയായ ലേബർ പാർട്ടിയെപ്പോലും പിന്നിലാക്കി വൺ നേഷൻ പാർട്ടി മുന്നേറുന്നതായി ‘ദി ഓസ്ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ/റെഡ്ബ്രിഡ്ജ് ഗ്രൂപ്പ്/ആക്സന്റ് റിസർച്ച്’ സംയുക്തമായി നടത്തിയ പുതിയ സർവേ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, ജനങ്ങൾക്കിടയിൽ പാർട്ടിക്ക് ലഭിച്ചുവരുന്ന വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് യാതൊരുവിധ കോട്ടവും തട്ടാതിരിക്കാനാണ് സെനറ്റർ പോളിൻ ഹാൻസനും അവരുടെ ഉന്നത ഉപദേശക സമിതിയും ഇത്തരമൊരു കർശനമായ നീക്കത്തിലേക്ക് കടന്നത്.
പാർട്ടിക്ക് ദോഷം ചെയ്യുന്ന വിവാദ വ്യക്തിത്വങ്ങളെയും വംശീയ അധിക്ഷേപങ്ങൾ നടത്തുന്നവരെയും തുടക്കത്തിൽ തന്നെ തിരിച്ചറിയുകയാണ് ഈ സാങ്കേതികവിദ്യയുടെ ലക്ഷ്യം. സ്ഥാനാർത്ഥിത്വത്തിന് അപേക്ഷിക്കുന്നവരുടെ സാമ്പത്തിക ഇടപാടുകൾ, ക്രിമിനൽ പശ്ചാത്തലം, മുൻകാല സിവിൽ കേസുകൾ എന്നിവയ്ക്ക് പുറമെ അവരുടെ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളെക്കുറിച്ചും ഈ ആധുനിക സോഫ്റ്റ്വെയർ ഉപയോഗിച്ച് സമഗ്രമായ വിശകലനം നടത്തുമെന്ന് യു.എസിലെയും യുകെയിലെയും വൻകിട ഫോർച്യൂൺ 500 കമ്പനികളിൽ പ്രവർത്തിച്ച് പരിചയമുള്ള വൺ നേഷൻ പാർട്ടിയുടെ പുതിയ ജനറൽ മാനേജർ കെൽവിൻ മോർട്ടൻ വ്യക്തമാക്കി. അപേക്ഷകരുടെ യഥാർത്ഥ സ്വഭാവവും പശ്ചാത്തലവും കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിക്കും. മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇത് അനുകരിക്കാതിരിക്കാൻ, ഉപയോഗിക്കുന്ന കൃത്യമായ സാങ്കേതികവിദ്യ എന്താണെന്ന് വെളിപ്പെടുത്താൻ പാർട്ടി വിസമ്മതിച്ചു. മനഃശാസ്ത്രപരമായ പരിശോധനകളും ഇതിന്റെ ഭാഗമായിരിക്കുമെന്ന് പോളിൻ ഹാൻസന്റെ ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ആഷ്ബി കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ വൺ നേഷൻ പാർട്ടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരും സ്ഥാനാർത്ഥികളായവരുമായ ബ്രയാൻ ബർസ്റ്റൺ, ക്രിസ്റ്റ്ചർച്ച് ഭീകരാക്രമണത്തോടുള്ള പ്രതികരണത്തിന്റെ പേരിൽ വലിയ വിമർശനം നേരിട്ട ഫ്രേസർ ആനിങ്, പാപ്പരത്തത്തെക്കുറിച്ച് വ്യാജവിവരം നൽകിയ മുൻ സെനറ്റർ റോഡ് കുള്ളറ്റൺ എന്നിവർ പാർട്ടിക്ക് വലിയ രാഷ്ട്രീയ നാണക്കേടുണ്ടാക്കിയിരുന്നു. കൂടാതെ മുൻകാലങ്ങളിൽ ചില സ്ഥാനാർത്ഥികൾ നടത്തിയ ജൂതവിരുദ്ധ , സ്വവർഗ്ഗാനുരാഗ വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വൺ നേഷൻ പാർട്ടിയുടെ ഈ പുതിയ ‘ഹൈടെക്’ സ്ഥാനാർത്ഥി നിർണ്ണയ രീതി.

