പെർത്ത്: കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ പടിഞ്ഞാറൻ ഓസ്ട്രേലിയ കണ്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും പെർത്ത് നഗരത്തിൽ വ്യാപക നാശനഷ്ടം. നഗരത്തിലുടനീളം നാശത്തിന്റെ വിനാശകരമായ പാത അവശേഷിപ്പിച്ചുകൊണ്ട് ഈ അതിശക്തമായ കൊടുങ്കാറ്റ് സംവിധാനം ഇപ്പോൾ സൗത്ത് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ജെറാൾഡ്‌ടൺ മുതൽ ആൽബനി വരെയുള്ള വിശാലമായ തീരദേശ മേഖലയിലാണ് കൊടുങ്കാറ്റ് കടുത്ത നാശം വിതച്ചത്. വീടുകളുടെ മേൽക്കൂരകൾ പറന്നുപോകുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതോടെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് പൂർണ്ണമായും ഇരുട്ടിലായത്.
പെർത്ത് നഗരപരിധിയിലും പ്രാന്തപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കനത്ത മഴയിൽ മേൽക്കൂരകളിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് പലയിടങ്ങളിലും വീടുകളുടെ സീലിങ്ങുകൾ തകർന്നുവീണു. സുബിയാക്കോയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്ക് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് പൂർണ്ണമായും തകർന്നു. ക്വിനാനയിൽ വീടുകൾക്ക് മുകളിലേക്കാണ് മരങ്ങൾ വീണത്. റോക്കിംഗ്ഹാമിൽ ശക്തമായ കാറ്റിൽ കോൺക്രീറ്റ് മതിലുകളും വേലികളും വരെ തകർന്നടിഞ്ഞു. “പ്രകൃതിമാതാവ് നമ്മളോട് കടുത്ത ദേഷ്യത്തിലാണ്. നമ്മൾ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല, എങ്കിലും എല്ലാം തകർന്നുപോയി,” തദ്ദേശവാസിയായ ഹെതർ ഹാൾ തന്റെ ദുരനുഭവം പങ്കുവെച്ചു.
പെർത്ത് മെട്രോ മേഖലയിൽ ഏറ്റവും ശക്തമായ കാറ്റ് രേഖപ്പെടുത്തിയത് റോട്ട്നെസ്റ്റ് ഐലൻഡിലാണ് ; മണിക്കൂറിൽ 113 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റടിച്ചതെങ്കിൽ, തെക്കു പടിഞ്ഞാറൻ മേഖലയിലെ കേപ്പ് നാച്ചുറലിസ്റ്റിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 135 കിലോമീറ്റർ വരെ ഉയർന്നു. സമുദ്രത്തിൽ പത്ത് മീറ്ററോളം ഉയരത്തിൽ ആഞ്ഞടിച്ച ഭീമാകാരമായ തിരമാലകൾ ബൻബറിയിലെ തീരപ്രദേശങ്ങളെ പൂർണ്ണ മായും വിഴുങ്ങുകയും തീരശോഷണത്തിന് കാരണമാവുകയും ചെയ്തു. കഴിഞ്ഞ ഏതാനും പതിറ്റ ണ്ടുക ൾക്കിടയിൽ രാജ്യം സാക്ഷ്യം വഹിച്ചതിൽ വച്ച് ഏറ്റവും ശക്തമായ കാലാവസ്ഥാ വ്യതിയാനമാണിതെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയെ ഉദ്ധരിച്ച് ഊർജ്ജ മന്ത്രി ആംബർ ജേഡ് സാൻഡേഴ്സൺ സ്ഥിരീകരിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് പെർത്തിൽ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങൾ കൽഗൂർലിയിലേക്ക് തിരിച്ചുവിട്ടു. ശക്തമായ കാറ്റും കടുത്ത മൂടൽമഞ്ഞും കാരണം വിമാനങ്ങൾ തിരിച്ചുവിട്ടതോടെ യാത്രക്കാർക്ക് എയർപോർട്ട് ടെർമിനലിൽ തന്നെ രാത്രി കഴിച്ചുകൂട്ടേണ്ടി വന്നു. കനത്ത കാറ്റിൽ വിമാനം ആടിയുലഞ്ഞത് ഭയപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തി. നഗരത്തിലെ തകരാറുകൾ പരിഹരിക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ദിവസങ്ങളോളം സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്

