അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന മേള വിവാദത്തിലേക്ക്; സംഗീതജ്ഞർക്കെതിരെ ട്രംപ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിൽ ജൂൺ 25 മുതൽ ആരംഭിക്കുന്ന ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയറി’ലെ എല്ലാ സംഗീത പരിപാടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന മേളയിലെ സംഗീത പരിപാടികൾക്ക് പകരം രാജ്യം ഭീമാകാരമായ ഒരു ‘മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ (MAGA) റാലി സംഘടിപ്പിക്കണമെന്നാണ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആഹ്വാനം ചെയ്തത്.

ആർക്കും കേൾക്കാൻ താല്പര്യമില്ലാത്തതും വിരസവുമായ സംഗീതം ആലപിക്കുകയും, എന്നാൽ എപ്പോഴും പരാതികൾ മാത്രം പറയുകയും ചെയ്യുന്ന അമിത പ്രതിഫലം പറ്റുന്ന ഗായകരെ നമുക്ക് ആവശ്യമില്ലെന്ന് ട്രംപ് കുറിച്ചു. മേളയിലെ സംഗീത പരിപാടികൾ റദ്ദാക്കണമെന്നും, അതിന് പകരം തനിക്ക് അവിടെ ഒത്തുകൂടുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് ഒരു വലിയ പ്രസംഗം നടത്താൻ സാധിക്കുമെന്നും ട്രംപ് നിർദ്ദേശിച്ചു. ട്രംപിന്റെ ഈ പ്രതികരണത്തിന് പിന്നാലെ, മേളയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ആഘോഷങ്ങളുടെ സംഘാടക സമിതിയായ ‘ഫ്രീഡം 250’ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

മേളയിൽ പങ്കെടുക്കാനിരുന്ന പ്രമുഖ കലാകാരന്മാർ കൂട്ടത്തോടെ പരിപാടിയിൽ നിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. കൺട്രി സിംഗർ മാർട്ടിന മക്ബ്രൈഡ്, റോക്ക് മ്യൂസിഷ്യൻ ബ്രെറ്റ് മൈക്കിൾസ്, റാപ്പർ യംഗ് എംസി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ നിന്ന് ഇതിനകം പിന്മാറി കഴിഞ്ഞു. തികച്ചും കക്ഷിരാഷ്ട്രീയരഹിതമായ ഒന്നാണെന്ന് വ്യക്തമാക്കിയാണ് തങ്ങളെ സംഘാടകർ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും, എന്നാൽ ഇപ്പോൾ മേള ഒരു പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ദിശയിലേക്ക് മാറിയതിനാലാണ് തങ്ങൾ പിന്മാറുന്നതെന്നും ഈ കലാകാരന്മാർ വ്യക്തമാക്കി.

അമേരിക്കയിലെ 56 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി ഒരു വേൾഡ് ഫെയർ മാതൃകയിൽ വിഭാവനം ചെയ്തതായിരുന്നു ഈ രണ്ടാഴ്ചത്തെ മേള. വിവിധ സംസ്കാരങ്ങൾ വിളിച്ചോതുന്ന പ്രദർശനങ്ങൾ, ലൈവ് വിനോദപരിപാടികൾ, സാംസ്കാരിക കൂട്ടായ്മകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *