നാടിനെ രക്ഷിക്കാൻ ഒന്നിച്ച് പോരാടണമെന്ന് മുഖ്യമന്ത്രി;ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ലഹരി ശൃംഖലയെ പൂർണ്ണമായി തുരത്താൻ പൊതുസമൂഹം ഒന്നടങ്കം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. നാടിനെ പുരോഗതിയിലേക്ക് നയിക്കേണ്ട യുവതലമുറയെ വഴിതെറ്റിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മയക്കുമരുന്നിന്റെ വ്യാപനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ആഭ്യന്തര വകുപ്പ് പുതുതായി രൂപം നൽകിയ ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ (Operation Toofan; The Narco Hunt) എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. കേരളത്തെ മയക്കുമരുന്നിന്റെ മാരക പിടിയിൽ നിന്ന് പൂർണ്ണമായി മോചിപ്പിക്കാനുള്ള വലിയൊരു ദൗത്യത്തിനാണ് ഓപ്പറേഷൻ തൂഫാനിലൂടെ തുടക്കമിടുന്നതെന്ന് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. അന്തർസംസ്ഥാന ലഹരി മാഫിയകളുടെ ശക്തമായ കണ്ണികളെ ഈ പദ്ധതിയിലൂടെ തകർത്തെറിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, എൻ. ഷംസുദ്ദീൻ, എം. ലിജു എന്നിവരും ശശി തരൂർ എം.പി, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു സംസാരിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിനൊപ്പം ജനങ്ങളും പങ്കാളികളാകേണ്ടതിന്റെ അനിവാര്യത ചടങ്ങിൽ പങ്കെടുത്ത പ്രസംഗകർ അടിവരയിട്ടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *