ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ റൺമല കയറി കേരളത്തിന് ഉജ്ജ്വല വിജയം. വാശിയേറിയ പോരാട്ടത്തിൽ വി.ജെ.ഡി (VJD Method) നിയമപ്രകാരം 19 റൺസിനായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം. അത്യുജ്ജ്വല സെഞ്ച്വറിയോടെ ഒരറ്റത്ത് ഉറച്ചുനിന്ന് ടീമിന് വിജയം ഒരുക്കിയ കേരളത്തിന്റെ സൂപ്പർ ബാറ്റർ മുഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച് പദവി സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ, നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 375 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഗോവയ്ക്കായി അഭിനവ് തേജ് റാണ (134) സെഞ്ച്വറി നേടി. കേരളത്തിന് വേണ്ടി ബോളിങ്ങിൽ ഫാനൂസ് ഫായിസും ഷോൺ റോജറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിനായി ഓപ്പണർ മുഹമ്മദ് അസറുദ്ദീൻ ഗോവൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 117 പന്തുകളിൽ 7 ഫോറും 10 സിക്സറുകളുമടക്കം 158 റൺസുമായി അസറുദ്ദീൻ പുറത്താകാതെ നിന്നു. 66 റൺസെടുത്ത കൃഷ്ണപ്രസാദും മികച്ച പിന്തുണ നൽകി. കേരളം 46 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 350 റൺസെടുത്തു നിൽക്കെ കനത്ത മഴയെത്തുടർന്ന് കളി തടസ്സപ്പെടുകയായിരുന്നു. തുടർന്ന് റൺറേറ്റ് പരിശോധിച്ചുള്ള വി.ജെ.ഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

