മെൽബൺ: മെൽബണിൽ 40 കിലോമീറ്റർ വ്യത്യാസത്തിലുള്ള രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി സ്വന്തം കുടുംബത്തിലെ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 27 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ എപ്പിങ്ങിലുള്ള ഒരു വെയർഹൗസിൽ വെച്ച് തന്റെ 40 വയസ്സുള്ള കസിനെ (അമ്മാവന്റെ മകൻ) കുത്തിയ ശേഷമാണ് പ്രതി അക്രമപരമ്പര ആരംഭിച്ചതെന്ന് പോലീസ് ആരോപിക്കുന്നു.
ഈ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം, ഡാൻഡിനോങ് നോർത്തിലുള്ള ഒരു വീടിന് നേരെ പ്രതി കാർ ഓടിച്ചു കയറ്റുകയും, തുടർന്ന് വീടിനുള്ളിൽ വെച്ച് തന്റെ 34 വയസ്സുള്ള സഹോദരിയെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
ഡാൻഡിനോങ് നോർത്തിലെ വീട്ടിൽ നടന്ന അക്രമത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന പ്രതിയുടെ അമ്മ വൻ മാനസികാഘാതത്തിലാണ്. കരഞ്ഞുവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടിയെത്തിയ ഇവരെ അയൽവാസികളാണ് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചത്. ചോര പുരണ്ട നിലയിലുള്ള കാറിന് സമീപത്തെ പുൽത്തകിടിയിൽ അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വലിയൊരു കത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെ എപ്പിങ്ങിൽ വെച്ചാണ് പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ അതിക്രമിച്ച് കടക്കൽ, മനഃപൂർവ്വം ഗുരുതരമായ പരിക്കേൽപ്പിക്കൽ, അശ്രദ്ധമായ പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

