കൊച്ചി: കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മലയാള ചലച്ചിത്രം ‘അച്യുത അവതാരം’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ ലോഞ്ചും ഓഡിയോ ലോഞ്ചും കൊച്ചിയിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ, പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി ആലപിച്ച “എൻ പോരിൽ” എന്ന് തുടങ്ങുന്ന ചിത്രത്തിലെ മനോഹരമായ ഗാനവും പുറത്തിറക്കി.
ഒരു സൈബർ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ആധുനിക സമൂഹത്തിലെ സൈബർ ആസക്തിയും അതിന്റെ ഭയാനകമായ അനന്തരഫലങ്ങളും ദൃശ്യാവിഷ്കരിക്കുന്ന ചിത്രം, പ്രേക്ഷകരെ ഉദ്വേഗജനകമായ ഒരു സിനിമാറ്റിക് അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
റെയ്‌റ വെഞ്ചേഴ്‌സിന്റെ (Rayra Ventures) ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് ‘അച്യുത അവതാരം’ നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രമുഖ നർത്തകിയും നടിയുമായ മാളവിക നന്ദൻ, ‘കാന്താര’യിലൂടെ ശ്രദ്ധേയനായ അവിനാശ്, സീമ ജി. നായർ എന്നിവർക്കൊപ്പം ഒട്ടേറെ അന്യഭാഷാ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് സംഗീതം പകർന്ന ചിത്രം വരും ജൂൺ മാസത്തോടെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പവൻ പൂവയ്യ, മഹേഷ് തോട്ട എന്നിവർ എഡിറ്റിംഗും നാഗരാജു, നവീൻ എന്നിവർ കലാസംവിധാനവും നിർവ്വഹിക്കുന്നു. വി.എഫ്.എക്സ് & ഡിസൈൻസ്: ഐഡന്റ് ലാബ്സ്, ലൈൻ പ്രൊഡ്യൂസർ: ലോഹിത് ഷെട്ടി പാൽഗെ & അഖിൽ ഉച്ചിൽ, മേക്കപ്പ്: വികാസ് & ഷിജിനി, കോസ്റ്റ്യൂംസ്: മഞ്ജുനാഥ് വി, പ്രൊഡക്ഷൻ കൺട്രോളർ: വിശ്വനാഥ് ബി.എച്ച് കുമാർ & ജഗദീഷ് മളവള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

