ന്യൂഡൽഹി: തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തികളിലായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമല പരിസ്ഥിതി മേഖലയിലെ വന-വന്യജീവി സംരക്ഷിത പ്രദേശങ്ങളിലെ കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കൈയേറ്റങ്ങൾ നീക്കുന്നതിനായി സമയബന്ധിതമായ പ്രവർത്തനപദ്ധതി ഒരു മാസത്തിനകം തയ്യാറാക്കി സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അഗസ്ത്യമല പരിസ്ഥിതി മേഖലയിൽ ഉൾപ്പെടുന്ന കലക്കാട്–മുണ്ടൻതുറൈ കടുവാ സങ്കേതം, ശ്രീവില്ലിപുത്തൂർ–മേഘമല കടുവാ സങ്കേതം, കന്യാകുമാരി വന്യജീവി സങ്കേതം തുടങ്ങിയ സംരക്ഷിത മേഖലകളിൽ പതിറ്റാണ്ടുകളായി തുടരുന്ന കൈയേറ്റങ്ങൾ പരിസ്ഥിതിക്കും വന്യജീവികൾക്കും ഗുരുതര ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.
കേന്ദ്ര അധികാര സമിതി (CEC) സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം, അഗസ്ത്യമല മേഖല ഏകദേശം 3,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. തേനി ജില്ലയിലെ സംരക്ഷിത വനഭൂമിയിൽ 4,600-ലധികം കൈയേറ്റക്കാരാണ് താമസിക്കുന്നതെന്നും 5,000 ഹെക്ടറിലേറെ വനഭൂമി കൈയേറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുവരെ കൈയേറ്റം നടന്ന ഭൂമിയുടെ വളരെ ചെറിയ ഭാഗം മാത്രമാണ് തിരിച്ചുപിടിക്കാനായതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൈയേറ്റക്കാരിൽ സേന, പൊലീസ്, സി.ആർ.പി.എഫ്., വനം, റവന്യൂ, വൈദ്യുതി വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിലെ നിലവിലുള്ളതും വിരമിച്ചതുമായ 118 ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ശാസനപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഒഴിപ്പിക്കൽ പദ്ധതിയിൽ കൈയേറ്റങ്ങൾ ഭൗതികമായി നീക്കുക, ആവശ്യമായിടത്ത് പുനരധിവാസം ഉറപ്പാക്കുക, നിയമനടപടികൾ സ്വീകരിക്കുക, തിരിച്ചുപിടിക്കുന്ന വനഭൂമിയിൽ പരിസ്ഥിതി പുനരുദ്ധാരണം നടത്തുക എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി.
കൈയേറ്റം നടന്ന പ്രദേശങ്ങളിൽ പുതിയ അടിസ്ഥാനസൗകര്യ വികസനങ്ങളും അനധികൃത പ്രവർത്തനങ്ങളും അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു. അഗസ്ത്യമല മേഖലയിലെ ജൈവവൈവിധ്യവും അത്യന്തം സങ്കീർണമായ പരിസ്ഥിതിയും സംരക്ഷിക്കുന്നത് ഭരണകൂടങ്ങളുടെ ഭരണപരമായ ബാധ്യത മാത്രമല്ല, ഭരണഘടനാപരമായ ഉത്തരവാദിത്വവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

