കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സിനിമാ ഷൂട്ടിങ് സൗഹൃദമാക്കും; പൈറസിക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സിനിമാ ചിത്രീകരണത്തിന് അനുയോജ്യമായ രീതിയില്‍ ഷൂട്ടിങ് സൗഹൃദമാക്കുമെന്ന് സാംസ്കാരിക-സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. മലയാള സിനിമാ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയായ വ്യാജപതിപ്പുകള്‍ തടയുന്നതിനും പൈറസിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

സിനിമാ സംഘടനകള്‍ ഉന്നയിച്ച ‘ഇരട്ട നികുതി’ എന്ന വിഷയം സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വിനോദ നികുതി അടക്കമുള്ള ഈ പ്രശ്നം പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഗൗരവമായ ചര്‍ച്ചകള്‍ നടത്തും. സിനിമയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി നിര്‍ദേശങ്ങളും പുതിയ ഫിലിം പോളിസിയും പൂര്‍ണ്ണമായി പഠിച്ച ശേഷം നടപ്പിലാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ സംഘടനകള്‍ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അവ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *