ലണ്ടൻ: സിഖ് മതവിശ്വാസികൾക്ക് അവരുടെ മതപരമായ ആചാരങ്ങളുടെ ഭാഗമായി ‘കിർപാൻ’ (ചെറിയ പരമ്പരാഗത വാൾ) കൈവശം വെയ്ക്കുന്നതിനായി നൽകിയിട്ടുള്ള നിയമപരമായ ഇളവുകളിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കി യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുകെയിൽ അടുത്തിടെ സിഖ് ആചാരപ്രകാരമുള്ള വാളുപയോഗിച്ച് നടന്ന ഒരു കൊലപാതക കേസിനെത്തുടർന്ന്, ഈ നിയമപരമായ ഇളവ് പിൻവലിക്കണമെന്ന ആവശ്യവുമായി ചില സംഘടനകൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്.
സിഖ് വിശ്വാസികൾക്ക് കിർപാൻ ധരിക്കാൻ ദീർഘകാലമായി രാജ്യം നൽകിവരുന്ന നിയമപരമായ സംരക്ഷണം അതേപടി തുടരുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. നിലവിലുള്ള നിയമങ്ങൾ ഇതിൽ വളരെ വ്യക്തതയുള്ളതാണെന്നും, മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ ആയി ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് നിലവിലെ നിയമപ്രകാരം തന്നെ പൂർണ്ണമായും കുറ്റകരമാണെന്നും ഓഫീസ് ചൂണ്ടിക്കാട്ടി. ആചാരപരമായ കത്തികളുടെയോ വാളുകളുടെയോ ദുരുപയോഗം തടയാൻ നിലവിലുള്ള നിയമങ്ങൾ തന്നെ മതിയെന്നാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
നിലവിൽ കത്തികൾ കൈവശം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഇളവുകളിൽ യാതൊരുവിധ നിയമഭേദഗതികളും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

