2028-ൽ വാൻസ്-റൂബിയോ സഖ്യം വരണം; താല്പര്യം പ്രകടിപ്പിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: വരാനിരിക്കുന്ന 2028-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥികളായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഒന്നിച്ചെത്തണമെന്ന താല്പര്യം പരസ്യമായി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച പുറത്തുവന്ന മിറാൻഡ ഡിവൈന്റെ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ജെ.ഡി വാൻസ് – മാർക്കോ റൂബിയോ സഖ്യത്തെ പരാജയപ്പെടുത്തുക എന്നത് എതിരാളികൾക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നും ട്രംപ് നിരീക്ഷിച്ചു.

ഭരണകൂടത്തിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്നത് താൻ ശ്രദ്ധിക്കാറുണ്ടെന്നും അവർക്കിടയിൽ മികച്ചൊരു പ്രവർത്തന ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നതായും ട്രംപ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. സമീപമാസങ്ങളിലായി ട്രംപ് ഭരണകൂടത്തിൽ ഇരുവരും നിർണായകവും സജീവവുമായ പങ്കുവഹിക്കുന്നുണ്ടെങ്കിലും, 2028-ലെ തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് വാൻസും റൂബിയോയും ഇതുവരെ പരസ്യ പ്രതികരണങ്ങൾക്ക് മുതിർന്നിട്ടില്ല.

അമേരിക്കൻ ഭരണഘടന അനുസരിച്ച് ഡൊണാൾഡ് ട്രംപിന് അടുത്ത തവണ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ അനുയോജ്യരായ കൂട്ടുകെട്ടിനെക്കുറിച്ച് ട്രംപ് ഇപ്പോൾത്തന്നെ സൂചന നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *