വേതന വർദ്ധനവ് പണപ്പെരുപ്പത്തിന് കാരണമാകില്ല; വാദങ്ങൾ തള്ളി ഓസ്‌ട്രേലിയൻ സർക്കാർ

കാൻബറ: രാജ്യത്ത് പ്രഖ്യാപിച്ച ഏറ്റവും പുതിയ കുറഞ്ഞ വേതന വർദ്ധനവ് പണപ്പെരുപ്പം കൂട്ടുമെന്നോ പലിശനിരക്ക് ഉയരാൻ ഇടയാക്കുമെന്നോ ഉള്ള ആശങ്കകൾ ഓസ്‌ട്രേലിയൻ സർക്കാർ തള്ളി. ഫെയർ വർക്ക് കമ്മീഷൻ രാജ്യത്തെ കുറഞ്ഞ വേതനത്തിൽ 4.75 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയത്. ഇതോടെ ജൂലൈ ഒന്ന് മുതൽ കുറഞ്ഞ വേതനം ആഴ്ചയിൽ 1,004.90 ഡോളറായും മണിക്കൂറിന് 26.44 ഡോളറായും ഉയരും. ഇതനുസരിച്ച് വാർഷിക കുറഞ്ഞ വേതനം ഏകദേശം 52,254 ഡോളറിലെത്തും.

എന്നാൽ, ഈ വേതന വർദ്ധനവ് സർവീസ് മേഖലയിലെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്നും കേഷ് റേറ്റ് 4.85 ശതമാനത്തിലേക്ക് ഉയർത്തുന്ന രീതിയിലുള്ള പലിശവർദ്ധനവിന് കാരണമാകുമെന്നും സാമ്പത്തിക സേവന സ്ഥാപനമായ എഎംപി മുന്നറിയിപ്പ് നൽകി. എന്നാൽ പ്രമുഖ ബാങ്കുകളായ വെസ്റ്റ്പാക്കും കോമൺ വെൽത്ത് ബാങ്കും ഈ വാദത്തോട് വിയോജിച്ചു. വേതന വർദ്ധനവ് പണപ്പെരുപ്പത്തെ വളരെ നേരിയ തോതിൽ മാത്രമേ ബാധിക്കൂ എന്ന് വെസ്റ്റ്പാക് വ്യക്തമാക്കിയപ്പോൾ, കമ്മീഷന്റെ ഈ തീരുമാനം പലിശ നിരക്കിനെ ക്കുറിച്ചുള്ള തങ്ങളുടെ മുൻപത്തെ വിലയിരുത്തലുകളിൽ മാറ്റം വരുത്തില്ലെന്നാണ് കോമൺവെൽത്ത് ബാങ്ക് പ്രതികരിച്ചത്.

നിലവിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന കുറഞ്ഞ വേതന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. അമേരിക്കയിലെ ഫെഡറൽ കുറഞ്ഞ വേതന നിരക്കായ മണിക്കൂറിന് 7.25 യുഎസ് ഡോളറിനേക്കാൾ വളരെ ഉയർന്നതാണ് ഓസ്‌ട്രേലിയയിലെ പുതിയ നിരക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *