കൊച്ചി: വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് (മോഡിഫിക്കേഷൻ) അനുമതി നൽകുമെന്ന പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, മോട്ടോർ വാഹന വകുപ്പ് (MVD) സർക്കാരിന് സമർപ്പിച്ച ശുപാർശ റിപ്പോർട്ട് പുറത്ത്. എന്നാൽ വാഹനപ്രേമികൾ, പ്രത്യേകിച്ച് യുവതലമുറ കാത്തിരുന്ന ബോഡി മോഡിഫിക്കേഷൻ, ശബ്ദം കൂടിയ സൈലൻസറുകൾ, വലിയ ടയറുകൾ ഘടിപ്പിക്കൽ തുടങ്ങിയ പ്രധാന രൂപമാറ്റങ്ങൾക്കൊന്നും എംവിഡിയുടെ നിർദേശങ്ങളിൽ അനുമതിയില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ രൂപമാറ്റവുമായി ബന്ധപ്പെട്ട ‘സെക്ഷൻ 52’ പരാമർശിക്കാതെയുള്ള റിപ്പോർട്ടാണ് എംവിഡി മുഖ്യമന്ത്രിക്ക് കൈമാറുന്നത്.
നിലവിൽ 18 തരത്തിലുള്ള മാറ്റങ്ങൾ യാതൊരു നിയമതടസവുമില്ലാതെ വരുത്താമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. എന്നാൽ ഇതിൽ ഭൂരിഭാഗവും നിലവിൽ തന്നെ കേരളത്തിൽ നിയമപരമായി ചെയ്യാവുന്നവയോ പുതിയ വാഹനങ്ങളിൽ കമ്പനികൾ തന്നെ നൽകുന്നവയോ ആണ്.
സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവ മാറ്റാം. അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകൾ പതിക്കാം. വാഹനത്തിനുള്ളിൽ ഇന്റീരിയർ ആംബിയന്റ് ലൈറ്റിംഗ്, ആൻഡ്രോയിഡ് ഇൻഫോടൈൻമെന്റ് സിസ്റ്റം, കൂടുതൽ സ്പീക്കറുകൾ എന്നിവ ഘടിപ്പിക്കാം. സുരക്ഷയ്ക്കായി ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ് ട്രാക്കറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉപയോഗിക്കാം. ടൗ ഹൂക്കുകൾ, റൂഫ് കാരിയറുകൾ എന്നിവ ഘടിപ്പിക്കുന്നതിനും തടസമില്ല.
ഹൈക്കോടതി നിർദ്ദേശപ്രകാരം 50 ശതമാനം കാഴ്ച ലഭിക്കുന്ന സൺ ഫിലിമുകളും ഒട്ടിക്കാം.വാഹനത്തിന്റെ നിറം മാറ്റുന്നതിന് ആർടിഒയിൽ പണമടച്ച് പ്രത്യേക അനുമതി വാങ്ങി, മാറ്റം വരുത്തിയ ശേഷം വാഹനം ഹാജരാക്കണം. പുതിയ എഞ്ചിൻ മാറ്റിവെക്കുന്നതിനും, എൽപിജി/സിഎൻജി റെട്രോഫിറ്റ്മെന്റ് കിറ്റുകൾ ഘടിപ്പിക്കുന്നതിനും, സാധാരണ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി (EV) മാറ്റുന്നതിനും, അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ചേസിസ് ഫ്രെയിം മാറ്റുന്നതിനും മുൻകൂർ അനുമതി നിർബന്ധമാണ്.
ഘടനാപരമായ മാറ്റങ്ങൾ വരുത്താനുള്ള അനുമതി റിപ്പോർട്ടിൽ ഇല്ലാത്തതിനാൽ, വിപുലമായ രീതിയിൽ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ കാത്തിരുന്ന യുവാക്കൾക്ക് എംവിഡിയുടെ പുതിയ നിർദേശങ്ങൾ തിരിച്ചടിയാവുകയാണ്.

