തിരുവനന്തപുരം: വിമാനാപകട രക്ഷാപ്രവർത്തനങ്ങളിലും അഗ്നിശമന സംവിധാനങ്ങളിലും വിപ്ലവകരമായ മാറ്റവുമായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്. കേരളത്തിൽ ആദ്യമായി ഹൈ റീച്ച് എക്സ്റ്റെൻഡബിൾ ടററ്റ് (HRET) സജ്ജീകരിച്ച അത്യാധുനിക ‘റോസൻബൗർ പാന്തർ ക്രാഷ് ഫയർ ടെൻഡർ’ വിമാനത്താവളത്തിൽ സേവനത്തിറക്കി. പുതിയ വാഹനം നിലവിൽ വന്നതോടെ വിമാനത്താവളത്തിലെ വിമാനാപകട രക്ഷാപ്രവർത്തന-അഗ്നിശമന (ARFF) ശേഷി കൂടുതൽ ശക്തമാകും.
വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറയാണ് ഇതിന്റെ പ്രധാന ആകർഷണം. വിമാനത്തിനുള്ളിലെ യാത്രക്കാരുടെ കാബിൻ, കാർഗോ വിഭാഗം തുടങ്ങിയ അടച്ചിട്ട ഭാഗങ്ങളിലെ തീയും ഉയർന്ന ചൂടേറിയ ഭാഗങ്ങളും കൃത്യമായി കണ്ടെത്താൻ ഈ ക്യാമറ സഹായിക്കും. ഇതിലൂടെ പുറത്തുനിന്ന് നേരിട്ട് കാണാനാകാത്ത തീപിടിത്തങ്ങൾ പോലും വളരെ വേഗത്തിൽ കണ്ടെത്താനും നിയന്ത്രണവിധേയമാക്കാനും അഗ്നിശമന സേനയ്ക്ക് സാധിക്കും. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ആധുനികീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

