കോട്ടയം: ആവശ്യത്തിന് കന്നുകാലികളെ ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറച്ചി വ്യാപാരം പ്രതിസന്ധിയിൽ. കാലിക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഇറച്ചിക്കടകൾ വരുന്ന ജൂൺ 6, 7 (ശനി, ഞായർ) തീയതികളിൽ പൂർണ്ണമായും അടച്ചിടുമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്നതിലുണ്ടായ തടസ്സങ്ങളും കർശന നിയന്ത്രണങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ആവശ്യത്തിന് കാലികളെ കിട്ടാതായതോടെ സംസ്ഥാനത്തെ ഒട്ടേറെ ഭാഗങ്ങളിൽ ഇറച്ചിക്കടകളുടെ പ്രവർത്തനം ഇതിനകം തന്നെ സ്തംഭിച്ച അവസ്ഥയിലാണ്. വരും ദിവസങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ പരമ്പരാഗത വിപണിയെയും ഹോട്ടൽ മേഖലയെയും ഇത് ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പണിമുടക്കിലൂടെ തങ്ങൾ നേരിടുന്ന കടുത്ത വിപണി പ്രതിസന്ധി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് വ്യാപാരികളുടെ തീരുമാനം.

