അംബേദ്കറുടെ പുസ്തകം ഉയർത്തിപ്പിടിച്ച് അഭിജീത് ദീപ്കെ ജന്തർ മന്ദറിലേക്ക്; പ്രതിഷേധത്തിന് ആഹ്വാനം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ ശനിയാഴ്ച രാവിലെ ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അദ്ദേഹം ഡോ. ബി.ആർ. അംബേദ്കറുടെ പുസ്തകം ഉയർത്തിപ്പിടിച്ചാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രദാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജന്തർ മന്ദറിൽ പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനെ തുടർന്ന് അവിടേക്കാണ് പോകുന്നതെന്ന് ദീപ്കെ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ ജന്തർ മന്ദറിലെത്തണമെന്ന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 7.37-ന് ഇന്ത്യയിലെത്തിയ വിവരം ദീപ്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഡൽഹി പൊലീസ് നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചതായും റിപ്പോർട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി ജന്തർ മന്ദറിൽ പൊതുപ്രതിഷേധം സംഘടിപ്പിക്കാനാണ് കോക്രോച്ച് ജനതാ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷാ ക്രമക്കേടുകളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, നടൻ പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയതായും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവരുടെ വസതികൾക്ക് അധിക സുരക്ഷ ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *