ന്യൂയോർക്ക്: ഇറാനുമായുള്ള കടുത്ത സംഘർഷ പശ്ചാത്തലത്തിൽ ഇറാന്റെ സൈനിക നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി അയൽരാജ്യങ്ങളുടെ അതിർത്തികളിൽ ഇസ്രയേൽ രഹസ്യ സൈനിക-നിരീക്ഷണ ശൃംഖല സ്ഥാപിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ മാധ്യമമായ സിഎൻഎൻ (CNN) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഇറാന്റെ വടക്കൻ അതിർത്തി പങ്കിടുന്ന അസർബൈജാനിൽ ഇസ്രയേൽ സ്‌പെഷ്യൽ ഫോഴ്‌സ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ഡ്രോൺ യൂണിറ്റുകൾ എന്നിവരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പ്രധാന കണ്ടെത്തൽ. ദക്ഷിണ അസർബൈജാനിൽ, ഇറാന്റെ തബ്രിസ് നഗരത്തിൽനിന്ന് വെറും 97 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നാണ് ഈ സംഘം പ്രവർത്തിക്കുന്നത്.
ഇറാനിൽനിന്നുള്ള മിസൈൽ വിക്ഷേപണങ്ങൾ മുൻകൂട്ടി അറിയാനും സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനുമായി മാസങ്ങൾക്ക് മുമ്പുതന്നെ ഇവിടെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഇസ്രയേൽ സജ്ജമാക്കിയിരുന്നു.
ലഅസർബൈജാന് പുറമെ ഇറാഖ്, യുഎഇ, സോമാലിലാന്റ് എന്നീ രാജ്യങ്ങളിലും ഇസ്രയേൽ സമാനമായ സൈനിക-നിരീക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇറാന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് അതിർത്തികളെ പൂർണ്ണമായും വളയുന്ന തരത്തിലുള്ള ഒരു പ്രതിരോധ-നിരീക്ഷണ വലയമാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, ഇറാനിൽനിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE) ഇസ്രയേൽ തങ്ങളുടെ ‘അയൺ ഡോം’ വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
അതേസമയം, പുറത്തുവന്ന റിപ്പോർട്ടുകൾ ബന്ധപ്പെട്ട രാജ്യങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. തങ്ങളുടെ ഭൂപ്രദേശം മൂന്നാമതൊരു രാജ്യത്തിനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎസിലെ അസർബൈജാൻ എംബസി വ്യക്തമാക്കി. തങ്ങളുടെ രാജ്യങ്ങളിൽ ഇസ്രയേലിന്റെ അനധികൃത സൈനിക താവളങ്ങളോ സേനയോ ഇല്ലെന്ന് ഇറാഖും യുഎഇയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

