കോന്നി കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് വൻ അപകടം; അച്ഛനും മകളും മരിച്ചു

പത്തനംതിട്ട: കോന്നി കലഞ്ഞൂരിൽ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു. തമിഴ്‌നാട് ശിവകാശി സ്വദേശികളായ സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ കലഞ്ഞൂർ വലിയപള്ളിക്ക് സമീപമായിരുന്നു അപകടം നടന്നത്.

തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നും എറണാകുളം ആലുവയിലേക്ക് വരികയായിരുന്ന കാറും വൈക്കോലുമായി പോയ ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ അതിശക്തമായ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ലോറി സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു.

അപകടത്തിൽ കാറിലുണ്ടായിരുന്ന സുന്ദർ രാജിന്റെ മകനും ലോറിയിലുണ്ടായിരുന്നവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജനനിയുടെ സഹോദരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ജനനിയുടെ ഭർത്താവ് പ്രണവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേന ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. ഈ ഭാഗം സ്ഥിരമായി അപകട മേഖലയാണെന്ന് നാട്ടുകാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *