അരൂർ: ദിവസങ്ങളായി തുടരുന്ന തോരാമഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. കുത്തിയതോട്, എഴുപുന്ന, അരൂർ മേഖലകളിലാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളിലും ദേവാലയങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് വിശ്വാസികൾ ഏറെ പ്രയാസപ്പെട്ടാണ് പ്രാർത്ഥനകൾക്കായി എത്തിയത്. പലയിടങ്ങളിലും വെള്ളത്തിലൂടെ നീന്തിയാണ് ആളുകൾക്ക് യാത്ര ചെയ്യേണ്ടി വന്നത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് അരൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഇത്രയും കനത്ത വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മാണ കമ്പനി ജനങ്ങൾ അനുഭവിക്കുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നും അധികൃതർ ഇനിയെങ്കിലും മൗനം വെടിയണമെന്നും സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ബി. അൻഷാദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. ഫസലുദ്ദീൻ, കുത്തിയതോട് മഹല്ല് പ്രസിഡന്റ് ഹാരിസ് വെളിയിൽ, ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ്, ഖജാൻജി അബ്ദുൽ ജബ്ബാർ തുടങ്ങിയവർ ആവശ്യപ്പെട്ടു.
കുത്തിയതോട് പുതിയപാലത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളം സുഗമമായി തോട്ടിലേക്ക് പോകുന്നതിനുള്ള സംവിധാനം അടിയന്തിരമായി ഒരുക്കണമെന്ന് മഹല്ല് ഇമാം ഫീർ അസ്ഹരി, ദാറുൽ ഉലൂം മദ്രസ പി.ടി.എ കൺവീനർ കെ. ബഷീർ മൗലവി എന്നിവർ ആവശ്യപ്പെട്ടു. ഇതിനായി പള്ളിയുടെ ഇരുവശങ്ങളിലും കാന അടിയന്തിരമായി നിർമ്മിക്കാൻ കരാർ കമ്പനി ഉടൻ നടപടി സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ ഈ മേഖലയിലെ ജനജീവിതം കൂടുതൽ പ്രതിസന്ധിയിലാകും.

