പാറ്റ്ന: ബിഹാറിലെ ബേട്ടിയ പ്രദേശത്ത് ധനൗതി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. ബേട്ടിയയിലെ ലാൽ സരയ്യ പഞ്ചായത്തിലെ പാലമാണ് തകർന്നത്. സംഭവത്തെ തുടർന്ന് ഗ്രാമീണ പ്രവൃത്തി വകുപ്പിലെ (Rural Works Department) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പാലം തകർന്നതിന്റെ കാരണം കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലം ഏകദേശം ഒരു മാസം മുമ്പ് തന്നെ കേടുപാടുകൾ കാണിച്ചുതുടങ്ങിയിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഒരു മോട്ടോർസൈക്കിൾ പാലത്തിൽ നിന്ന് നദിയിലേക്ക് വീണ സംഭവവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികളുടെ വിമർശനം.
അപകടത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല. പാലം തകർന്നതോടെ സമീപ പ്രദേശങ്ങളിലേക്കുള്ള യാത്രക്കും ഗതാഗതത്തിനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

