കുട്ടികളുടെ സുരക്ഷയ്ക്കായി ആപ്പിളിന്റെ പുതിയ ഫീച്ചറുകൾ; പ്രചോദനമായത് ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ വിലക്കെന്ന് ടിം കുക്ക്

കാൻബറ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി ആപ്പിൾ കമ്പനി പ്രഖ്യാപിച്ച പുതിയ സുരക്ഷാ ഫീച്ചറുകൾക്ക് പ്രചോദനമായത് ഓസ്‌ട്രേലിയ നടപ്പിലാക്കിയ സോഷ്യൽ മീഡിയ പ്രായപരിധി വിലക്കാണെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിയെ ഫോണിൽ വിളിച്ച് സംസാരിക്കവെയാണ് ടിം കുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ജூன் 9-നാണ് ആപ്പിൾ സിഇഒയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രി സ്ഥിരീകരിച്ചത്.

കുട്ടികളിൽ സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ആപ്പിൾ നടത്തുന്ന നിരന്തരമായ ഗവേഷണങ്ങൾക്കൊപ്പം, ആഗോളതലത്തിൽ ശ്രദ്ധനേടിയ ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ പ്രായപരിധി നിയമവും പുതിയ മാറ്റങ്ങൾക്ക് ഭാഗികമായി പ്രചോദനമായിട്ടുണ്ടെന്ന് ടിം കുക്ക് അറിയിച്ചതായി പ്രധാനമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷിതമായ ഓൺലൈൻ ലോകത്തിനായി ഓസ്‌ട്രേലിയ നടത്തുന്ന ലോകോത്തര പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്നും അൽബനീസ് കൂട്ടിച്ചേർത്തു. അടുത്ത തവണ അമേരിക്ക സന്ദർശിക്കുമ്പോൾ ഈ പുതിയ സാങ്കേതികവിദ്യ നേരിൽ കണ്ടു മനസ്സിലാക്കാൻ ടിം കുക്ക് പ്രധാനമന്ത്രിയെ ആപ്പിൾ ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

കുട്ടികൾ തങ്ങളുടെ ആപ്പിൾ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാനും നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് കൂടുതൽ അധികാരം നൽകുന്ന ഫീച്ചറുകളാണ് ആപ്പിൾ പുതുതായി അവതരിപ്പിച്ചത്. മാതാപിതാക്കളുടെ അനുമതിയോടെ മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം, ആപ്പുകൾ ഉപയോഗിക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കൽ, അശ്ലീലമോ അക്രമം നിറഞ്ഞതോ ആയ സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്കേർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ ഡിസംബറിൽ നിയമം നിലവിൽ വന്നതുമുതൽ ഇതുവരെ അഞ്ച് മില്യണിലധികം (50 ലക്ഷത്തിലധികം) അക്കൗണ്ടുകൾ നീക്കം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *