തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിട്ടുമാറാത്ത വെള്ളക്കെട്ടിനും രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും ശാശ്വത പരിഹാരം കാണുന്നതിനായി ജലസേചന വകുപ്പ് മന്ത്രി മോൺസ് ജോസഫിന്റെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. നഗരത്തിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനും അടിയന്തര കർമ്മപദ്ധതികൾ ആവിഷ്കരിക്കാനുമാണ് യോഗം വിളിച്ചുചേർത്തത്.
തിരുവനന്തപുരം മണ്ഡലത്തിലെ എം.എൽ.എയും ജില്ലയുടെ ചുമതലക്കാരനുമായ ഗതാഗതമന്ത്രി സി. പി. ജോൺ, വട്ടിയൂർക്കാവ് എം.എൽ.എയും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രിയുമായ കെ. മുരളീധരൻ, തിരുവനന്തപുരം നഗരസഭാ മേയർ വി. വി. രാജേഷ്, ജില്ലാ കളക്ടർ അനു കുമാരി എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നഗരത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനൊപ്പം വരാനിരിക്കുന്ന കാലവർഷത്തിന് മുന്നോടിയായി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മുൻകരുതലുകളും യോഗം വിശദമായി ചർച്ച ചെയ്തു.
നഗരത്തിലെ പ്രധാന തോടുകളിലെയും ഓടകളിലെയും എക്കലും മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യാനും കുടിവെള്ള വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുക്കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് യോഗത്തിലെ തീരുമാനം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് എത്രയും വേഗം പരിഹാരം കാണുമെന്നും യോഗത്തിന് ശേഷം മന്ത്രിമാർ അറിയിച്ചു.

