ഫിലഡൽഫിയ: അമേരിക്കൻ മലയാളി സമൂഹത്തിന്റെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാന സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുന്നു. പെൻസിൽവേനിയ, ന്യൂജഴ്‌സി, ഡെലവെയർ തുടങ്ങിയ യു.എസ് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് മലയാളി യാത്രക്കാർക്ക് ഈ സർവീസ് വലിയ തോതിൽ യാത്രാസൗകര്യം ഒരുക്കും. ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലേക്കും മികച്ച വിമാന സർവീസുകൾ ലഭ്യമാക്കുന്നതിനായി പ്രവാസി സംഘടനയായ ‘ഓർമ്മാ ഇന്റർനാഷണൽ’ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നടത്തിയ സജീവമായ ഇടപെടലുകളുടെയും തുടർച്ചയായ ശ്രമങ്ങളുടെയും വിജയം കൂടിയാണ് ഈ പ്രഖ്യാപനം.
ഈ വിഷയത്തിൽ നേരിട്ടുള്ള സുപ്രധാന ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും 2015-ൽ ഓർമ്മാ ഇന്റർനാഷണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. അന്നത്തെ ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗമായിരുന്ന ഹോൺ. അൽ തൗബൻബെർഗറുടെ (Hon. Al Taubenberger) സഹകരണവും പിന്തുണയും ഈ ശ്രമങ്ങൾക്ക് വലിയ രീതിയിൽ കരുത്തുപകർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഓർമ്മാ ഇന്റർനാഷണൽ നേതാക്കൾ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു.
2023-ൽ നടന്ന ഒരു നിർണ്ണായക കൂടിക്കാഴ്ചയിൽ ഫിലഡൽഫിയ ഇന്റർനാഷണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവലപ്‌മെന്റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിരൽ എന്നിവരുമായി ഓർമ്മാ പ്രതിനിധികൾ ചർച്ച നടത്തി. ഈ യോഗത്തിൽ ഓർമ്മാ ഇന്റർനാഷണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിനൊപ്പം ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർ), സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ജോർജ് നടവയൽ (മുൻ പ്രസിഡന്റ്), അറ്റോർണി ജോസഫ് കുന്നേൽ (ചെയർ ലീഗൽ സെൽ), ജോസ് തോമസ് (ചെയർ ടാലന്റ് പ്രൊമോഷൻ ഫോറം), നൈനാൻ മത്തായി (ചെയർ ചാരിറ്റി ആക്ടിവിറ്റീസ്), ഷൈലാ രാജൻ (ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്), ആലീസ് ജോസ് എന്നിവർ പങ്കെടുത്തു. ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ വളർച്ചയും യാത്രാ ആവശ്യകതകളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഈ പ്രതിനിധിസംഘം വിമാനത്താവള അധികൃതർക്ക് സമർപ്പിച്ചു.
അന്നത്തെ ചർച്ചകളുടെ തുടർച്ചയായി ഓർമ്മാ ഇന്റർനാഷണൽ നാമനിർദ്ദേശം ചെയ്ത അറ്റോർണി ജോസഫ് കുന്നേലിനെ വിമാന സർവീസ് സാധ്യതകൾ പഠിക്കുന്ന പ്രത്യേക ഔദ്യോഗിക ഉപദേശക സമിതിയിലേക്ക് വിമാനത്താവള അധികൃതർ ഉൾപ്പെടുത്തിയത് വലിയ നേട്ടമായിരുന്നു. ഇത് മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾ ഔദ്യോഗിക തലത്തിൽ ശക്തമായി അവതരിപ്പിക്കാൻ കൂടുതൽ സഹായകമായി.
ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ–ദോഹ–കൊച്ചി സർവീസ് പുനരാരംഭിക്കാനുള്ള പുതിയ തീരുമാനം മലയാളി സമൂഹത്തിന്റെ ദീർഘകാല ആഗ്രഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് ഓർമ്മാ ഇന്റർനാഷണൽ വിലയിരുത്തുന്നത്. ഈ തീരുമാനത്തിന്റെ ക്രെഡിറ്റ് ഒരു വ്യക്തിക്കോ സംഘടനക്കോ മാത്രമായി അവകാശപ്പെടാനാകില്ലെങ്കിലും, കഴിഞ്ഞ 2015 മുതൽ ഈ വിഷയത്തിൽ വ്യക്തമായ ദിശയോടു കൂടിയ സംഘടിത ഇടപെടലുകൾ നടത്താനും വിമാനത്താവള അധികൃതരുമായി നേരിട്ടുള്ള സംവാദങ്ങൾക്ക് ഗതിവേഗം നൽകാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ താൽപര്യങ്ങൾക്കായി ഭാവിയിലും സമാനമായ പൊതുപ്രവർത്തനങ്ങൾ തുടരുമെന്നും, കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാന സർവീസുകൾ യാഥാർഥ്യമാക്കുന്നതിനായി സംഘടനയുടെ ശ്രമങ്ങൾ തുടരുമെന്നും നേതൃത്വം വ്യക്തമാക്കി.

