ഐ.ഒ.സി (യു.കെ) പുതുയുഗ സംഗമം 2026 ജൂൺ 27-ന് ഓൾഡ്ഹാമിൽ; ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) യു.കെ – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റ് ജൂൺ 27 ശനിയാഴ്ച ഓൾഡ്ഹാമിൽ വെച്ച് നടക്കും. മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ സംയുക്ത നേതൃത്വത്തിൽ ഒരുക്കുന്ന ഈ വൻ പ്രവാസി കുടുംബസംഗമത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകയും ഐ.ടി പ്രൊഫഷണലുമായ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയ ഓർമ്മകൾക്ക് ആദരമർപ്പിച്ച് ‘ഉമ്മൻ ചാണ്ടി സ്മൃതി നഗർ’ (St. Herbert’s Parish Centre, 148 Broadway, Chadderton, Oldham OL9 0JY) എന്ന് നാമകരണം ചെയ്ത വേദിയിലാണ് സംഗമം അരങ്ങേറുന്നത്. ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു.കെയിലെ ഒരു രാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഘോഷങ്ങൾ, പൊതുസമ്മേളനം, വിവിധ കലാ-സംഗീത വിരുന്നുകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ ഔദ്യോഗിക രൂപീകരണവും പുതിയ യൂണിറ്റുകൾക്കുള്ള ചുമതലാപത്രം കൈമാറലും ചടങ്ങിൽ വെച്ച് നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ‘കർമ്മശ്രേഷ്ഠ പുരസ്കാരം’, മികച്ച യൂണിറ്റുകൾക്കുള്ള ‘സംഘടനാശ്രേഷ്ഠ പുരസ്കാരം’, മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കുള്ള ‘സേവാശ്രേഷ്ഠ പുരസ്കാരം’ എന്നിവയും ചടങ്ങിൽ വെച്ച് ഡോ. മറിയ ഉമ്മൻ വിതരണം ചെയ്യും. സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ലിങ്ക് (https://forms.gle/d7Hv2rDyQ9d1UL4n7) വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്റെയും സംഘടനാ കരുത്തിന്റെയും വിളംബരമായി മാറുന്ന ഈ കൂട്ടായ്മ മിഡ്‌ലാൻഡ്സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ സംഗമമായിരിക്കുമെന്ന് ഐ.ഒ.സി (യു.കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ്‌ പുഷ്പരാജൻ, വൈസ് പ്രസിഡന്റ്‌ ജിതിൻ ജെയിംസ്, നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൻ പ്രസിഡന്റ്‌ സോണി ചാക്കോ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *