ഫിഫ ലോകകപ്പ് 2026-ന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മെക്‌സിക്കോയ്ക്കായി ഹുലിയൻ ക്വിനോനിസ് ടൂർണമെന്റിലെ ആദ്യ ഗോൾ നേടി. മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിലാണ് എറിക് ലിറ നൽകിയ പാസ് സ്വീകരിച്ച ക്വിനോനിസ് ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് കൃത്യമായ ഷോട്ടിലൂടെ വലകുലുക്കിയത്.
കൊളംബിയയിൽ ജനിച്ച ക്വിനോനിസ് 2018-ൽ കൊളംബിയയുടെ അണ്ടർ-20 ടീമിനായി കളിച്ചിരുന്നു. പിന്നീട് മെക്‌സിക്കൻ പൗരത്വം സ്വീകരിച്ച അദ്ദേഹം 2023 മുതൽ മെക്‌സിക്കോ ദേശീയ ടീമിന്റെ ഭാഗമാണ്. കോൺകകാഫ് മേഖലയിൽപ്പെട്ട ഒരു താരം ലോകകപ്പ് ചരിത്രത്തിലെ ഉദ്ഘാടന ഗോളടിക്കുന്നതും ഇതാദ്യമായാണ്.
അതേസമയം, മെക്‌സിക്കോ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ മൂന്ന് ചുവപ്പ് കാർഡുകളും പുറത്തുവന്നു. ദക്ഷിണാഫ്രിക്കയുടെ സ്‌ഫെലോ സിത്തോൾ, തെംബ സ്വനെ എന്നിവർ പുറത്തായപ്പോൾ, മെക്‌സിക്കോയുടെ സെസാർ മോണ്ടസിനും ചുവപ്പ് കാർഡ് ലഭിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ മൂന്ന് ചുവപ്പ് കാർഡുകൾ പുറത്തുവരുന്നത് അപൂർവ സംഭവമാണ്. ഇതിലും കൂടുതൽ നാല് ചുവപ്പ് കാർഡുകൾ 2006-ലെ നെതർലൻഡ്‌സ്–പോർച്ചുഗൽ മത്സരത്തിലായിരുന്നു.

