മെൽബൺ മലയാളികളുടെ മനംകവർന്ന് പ്രവാസി; പ്രവാസി ജീവിതത്തിന്റെ നേർക്കാഴ്ചയുമായി സോഷ്യൽ ഡ്രാമ അരങ്ങേറി

മെൽബൺ: ടീം പ്രണവം തിയേറ്റേഴ്സ് മെൽബൺ മൂണി പോണ്ട്സ് ക്ലോക്ക് ടവറിന്റെ അരങ്ങിലെത്തിച്ച ‘പ്രവാസി’ എന്ന സോഷ്യൽ ഡ്രാമ ഓസ്ട്രേലിയൻ മലയാളികൾക്ക് വേറിട്ടൊരു ദൃശ്യാനുഭവമായി. വിസ്മൃതിയിലാണ്ടുപോയ പഴയകാല കുടുംബബന്ധങ്ങളുടെ ശക്തമായ ഓർമ്മപ്പെടുത്തലായി മാറിയ നാടകം പ്രേക്ഷകമനസ്സുകളിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്.

കേരളത്തിന്റെ വളർച്ചയിൽ ഓരോ പ്രവാസിയുമുള്ള പങ്കും, എന്നാൽ അവരുടെ കഷ്ടപ്പാടുകളെ ഒട്ടും വിലമതിക്കാതെ പണം ധൂർത്തടിച്ചു കളയുന്നതിലൂടെ കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതുമായ പ്രസക്തമായ പ്രമേയമാണ് ‘പ്രവാസി’ എന്ന നാടകം ഉയർത്തിപ്പിടിക്കുന്നത്.

ഓസ്ട്രേലിയയിലെ ആദ്യകാല നൃത്താധ്യാപിക കൂടിയായ താരാ രാജ്കുമാർ OAM, തിയേറ്റർ ആക്ടിവിസ്റ്റ് ഗിരീഷ് അവണൂർ, രാജ്കുമാർ, രശ്‌മി ജയകുമാർ, സന്ധ്യ സുഭാഷ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് നാടകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അബുദാബിയിലെ നാടക രംഗത്ത് ഏറെ പരിചിതനായ വക്കം ജയലാലാണ് ഈ നാടകം സംവിധാനം ചെയ്തത്.

വക്കം ജയലാൽ, ഷാനി അഗസ്റ്റിൻ, രശ്‌മി ജയകുമാർ, ഡാനി ഷാജി, സുഭാഷ് കുമാർ, ജോജി ജോസഫ്, ആരതി ഉണ്ണി, ജയകുമാർ പിള്ള, വിജയരാജ് വിജയൻ എന്നിവരാണ് നാടകത്തിൽ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. ബിനോയ് പീറ്റർ പശ്ചാത്തല സംഗീതവും, അലക്സ് മാമ്മൻ ദീപനിയന്ത്രണവും നിർവ്വഹിച്ചു. മികച്ച പ്രതികരണമാണ് നാടകത്തിന് പ്രവാസി മലയാളി സമൂഹത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *