ബെയ്ജിങ്: യുവജന തൊഴിലില്ലായ്മയുടെ വെല്ലുവിളി നേരിടുന്നതിനായി ചൈനയിലെ സർവകലാശാലകളിൽ വ്യാപകമായ കോഴ്സ് പുനഃസംഘടന നടപ്പാക്കി. 2021 മുതൽ 2025 വരെ രാജ്യത്തെ സർവകലാശാലകൾ 12,200 ബിരുദ കോഴ്സുകൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തതായി ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, തൊഴിൽവിപണിയുടെ ആവശ്യങ്ങൾ മുൻനിർത്തി 10,200-ലധികം പുതിയ കോഴ്സുകളും ആരംഭിച്ചു. ജോലി സാധ്യത കുറഞ്ഞതായി വിലയിരുത്തപ്പെട്ട ഹ്യുമാനിറ്റീസ്, ആർട്സ്, വിദേശഭാഷകൾ, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും കോഴ്സുകൾ ഒഴിവാക്കിയത്. പകരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട പഠനപരിപാടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ്.
സർവകലാശാലകളിലെ പഠനപരിപാടികളെ തൊഴിൽവിപണിയുടെ ആവശ്യങ്ങളുമായി കൂടുതൽ യോജിപ്പിക്കുകയെന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നിരുന്നാലും, കോഴ്സുകൾ മാറ്റുന്നതു മാത്രമല്ല യുവജന തൊഴിലില്ലായ്മയ്ക്ക് ദീർഘകാല പരിഹാരമാകുകയെന്ന ചർച്ചയും വിദ്യാഭ്യാസ വിദഗ്ധർക്കിടയിൽ തുടരുകയാണ്.

