ഇടുക്കി: ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ ആർജവവും കരുത്തും ഇച്ഛാശക്തിയുമുള്ള സർക്കാരാണിതെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്. പുതിയ വികസന പാതയിലുടെ പുതുയുഗ ത്തിലേക്ക് കേരളത്തെ നയിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി പ്രഖ്യാപിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സർക്കാരും നടപ്പാക്കാൻ ധൈര്യം കാട്ടാത്ത വിപ്ലവകരമായ പദ്ധതിയാണിതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. സാധാരണക്കാരായ യാത്രികർക്ക് വലിയ രീതിയിൽ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ മാതൃകാപരമായ ചുവടുവെപ്പെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ സാധാരണക്കാരായ വനിതകളുടെയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെയും പൊതുഇടങ്ങ ളിലെ പങ്കാളിത്തം വർദ്ധിപ്പിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമായി സർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകളിൽ പ്രായഭേദമന്യേ എല്ലാവർക്കും സൗജന്യമാ യി യാത്ര ചെയ്യാം. യാത്ര പൂർണ്ണമായും സൗജന്യമാണെങ്കിലും ഔദ്യോഗിക കണക്കെടുപ്പിന്റെ ഭാഗമായി യാത്രക്കാർ കണ്ടക്ടറിൽ നിന്നും പൂജ്യം മൂല്യമുള്ള ‘സീറോ ടിക്കറ്റ്’ കൈപ്പറ്റേണ്ടതുണ്ട്. സ്ത്രീകൾക്ക് പദ്ധതി ലഭ്യമാകുന്ന ബസുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ‘പ്രിയദർശിനി’ എന്ന വലിയ സ്റ്റിക്കറുകൾ ബസുകളിൽ പതിപ്പിച്ചിട്ടുണ്ട്.
തൊടുപുഴയിൽ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീല സ്റ്റീഫൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.പി. മാത്യു, ഷുക്കൂർ, സുരേഷ് ബാബു കെ., എം.ജെ. ജേക്കബ്, കെ.എസ്.ആർ.ടി.സി. തൊടുപുഴ യൂണിറ്റ് ഓഫീസർ എം.ജി. രാജീവ്, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഇ.ആർ. പ്രസന്നകുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


