അദൃശ്യ ശത്രുവിനെ ഭയന്ന് ഒരു നാട്; വാക്സിനുകളില്ല, ചികിത്സയുമില്ല; എബോള വീണ്ടും പടരുന്നു

ബൂനിയ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജനങ്ങളെ ഭീതിയിലാഴ്ത്തി എബോള വൈറസ് ബാധ അതിവേഗം പടരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബൂനിയ നഗരത്തിലാണ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നത്. കഴിഞ്ഞ മെയ് 15-നാണ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും, അതിനും ആഴ്ചകൾക്ക് മുൻപ് തന്നെ വൈറസ് ജനങ്ങൾക്കിടയിൽ പടർന്നുപിടിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടന ഇതിനകം തന്നെ ഈ രോഗബാധയെ അന്താരാഷ്ട്ര തലത്തിലുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്.

നെൽസൺ മണ്ടേല സ്കൂളിലെ പ്രധാനാധ്യാപകനായ ജസ്റ്റിൻ കെനോ തന്റെ സ്കൂളിലെ നാനൂറിലധികം വരുന്ന കുട്ടികളുടെ സുരക്ഷയോർത്ത് കടുത്ത ആശങ്കയിലാണ്. സ്കൂൾ പ്രവേശന കവാടത്തിൽ കൈ കഴുകാനുള്ള ബേസിനുകളും സാനിറ്റൈസറുകളും സ്ഥാപിച്ചും, കുട്ടികൾക്ക് ഉച്ചഭക്ഷണം വീട്ടിൽ നിന്ന് നിർബന്ധമാക്കിയും കടുത്ത പ്രതിരോധ നടപടികൾ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. എങ്കിലും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന കുട്ടികളിലൂടെ സ്കൂളിൽ അതിവേഗം രോഗം പടരുമോ എന്നാണ് അദ്ദേഹത്തിന്റെ ഭയം.

ലഭ്യമായ വിവരങ്ങൾ പ്രകാരം കോംഗോയിൽ മാത്രം ഇതുവരെ 676 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 136 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിലും മരണം റിപ്പോർട്ട് ചെയ്തു. നിലവിലുള്ള പ്രതിരോധ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ഫലപ്രദമല്ലാത്ത, അതീവ മാരകമായ ‘ബുന്ദിബുഗ്യോ’ എന്ന അപൂർവ്വ ഇനം വൈറസാണ് ഇപ്പോൾ പടരുന്നത്. ശാരീരിക ദ്രവങ്ങളിലൂടെ പടരുന്ന ഈ വൈറസ് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും തീവ്രമായ രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും.

ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനത്തേക്കാൾ രൂക്ഷമായേക്കാം നിലവിലെ സാഹചര്യമെന്ന് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകുന്നു. രോഗഭീതി ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വസ്ത്രവ്യാപാരം നടത്തിയിരുന്ന സിൽവി ഗ്വിലെയ്ൻ എന്ന സ്ത്രീക്ക് ആളുകൾ പരസ്പരം തൊട്ടുനോക്കി വസ്ത്രങ്ങൾ വാങ്ങുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന ഭയത്താൽ കട പൂട്ടേണ്ടി വന്നു. ഇപ്പോൾ അവർ ഒരു നിർമ്മാണ തൊഴിലാളിയുടെ സഹായിയായാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ വസ്ത്രങ്ങൾ ബ്ലീച്ചിങ് ലായനിയിൽ മുക്കിവെച്ചതിന് ശേഷം മാത്രമേ ഇവർ സ്വന്തം കുട്ടികളെപ്പോലും അരികിലേക്ക് അടുപ്പിക്കാറുള്ളൂ. രോഗത്തെ ചെറുക്കാനായി നഗരത്തിലെ പ്രധാന ആശുപത്രിയിൽ പുതിയ എബോള ചികിത്സാ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *