തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ‘കേരള നോളജ് വാലി’ പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. ഇതിനായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
വിദ്യാർഥികൾ വിദേശ സർവകലാശാലകളിലേക്ക് പോകാതെ തന്നെ കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളുമായും സഹകരിച്ച് മികച്ച അക്കാദമിക് പ്രോഗ്രാമുകൾ സംസ്ഥാനത്ത് നടപ്പാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.
ആധുനിക തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തവും വഴി കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ, വയനാട് ട്രൈബൽ സർവകലാശാലയുടെ വികസനത്തിനായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

