പുതുയുഗ കേരളം ലക്ഷ്യം; ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി.ഡി. സർക്കാരിന്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി കൂടിയായ ധനകാര്യ മന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. “പുതുയുഗ കേരളം” ലക്ഷ്യമിട്ടുള്ള ബജറ്റാണെന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ബജറ്റ് പ്രസംഗം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നേരത്തെ അവതരിപ്പിച്ച ധവളപത്രത്തിലെ കണ്ടെത്തലുകളും നിർദേശങ്ങളും ഉദ്ധരിച്ചായിരുന്നു ബജറ്റ് അവതരണം.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, വിമാനത്താവള വികസനത്തിന് 200 കോടി രൂപ, തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, വയനാട്ടിൽ ട്രൈബൽ സർവകലാശാല, തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ്, ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളജ് എന്നിവ ഉൾപ്പെടുന്നു.

റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തുമെന്നും 10,000 എംഎസ്എംഇകൾ ആരംഭിക്കാൻ 100 കോടി രൂപ അനുവദിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. കേരളത്തെ തുറമുഖ നഗരമാക്കി വികസിപ്പിക്കുന്നതിനും കപ്പൽ നിർമ്മാണശാലയും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കുന്നതിനും പദ്ധതികളുണ്ട്. തീരദേശവാസികൾക്ക് പട്ടയം നൽകുന്നതിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നടപടികൾ പ്രഖ്യാപിച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് 1,422 കോടി രൂപ, ആരോഗ്യ മേഖലയ്ക്ക് 2,074 കോടി രൂപ, ഗ്രാമവികസനത്തിന് 2,138 കോടി രൂപ, പട്ടികജാതി വികസനത്തിന് 2,979 കോടി രൂപ, ഗതാഗത മേഖലയ്ക്ക് 1,578 കോടി രൂപ, ജലവിതരണത്തിന് 895 കോടി രൂപ, ന്യൂനപക്ഷ ക്ഷേമത്തിന് 77.91 കോടി രൂപ എന്നിവയും ബജറ്റിൽ വകയിരുത്തി. എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുമെന്നും മത്സ്യത്തൊഴിലാളികൾക്കായി ഭവനപദ്ധതിയും മണ്ണെണ്ണ സബ്സിഡിയും നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

കേരള നോളജ് വാലി പദ്ധതിയിലൂടെ വിദേശത്തേക്ക് പോകാതെ കേരളത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഉറപ്പാക്കുമെന്നും, ജെൻ-സി സംരംഭകർക്ക് സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. കൂടാതെ സ്ത്രീസുരക്ഷാ പദ്ധതി “അവൾക്കൊപ്പം”, സ്കൂൾ ഹെൽത്ത് ബ്രിഗേഡ്, മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനുള്ള നടപടികൾ, പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുള്ള പഠന കമ്മീഷൻ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *