ബജറ്റിൽ ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ ആക്ഷേപം മാത്രം: പിണറായി വിജയൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ഭാവി കേരളത്തിനുള്ള വ്യക്തമായ വികസന ബ്ലൂപ്രിന്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നിരവധി പദ്ധതികൾക്ക് പേരുമാറ്റം നൽകി വീണ്ടും പ്രഖ്യാപിക്കുകയാണ് ബജറ്റിൽ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സന്ദേശമാണ് ബജറ്റിന്റെ ആമുഖത്തിലും സർക്കാരിന്റെ വിശദീകരണങ്ങളിലും നൽകിയതെന്ന് പിണറായി പറഞ്ഞു. എന്നാൽ ബജറ്റിലെ കണക്ക് പരിശോധിക്കുമ്പോൾ 2,000 കോടി രൂപയുടെ അധിക വിഹിതം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞതായി കാണുന്നുവെന്നും അതിനാൽ സാമ്പത്തിക അപകടാവസ്ഥയെന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ ട്രഷറിയിൽ 6,000 കോടി രൂപ ബാക്കി ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റിൽ പല മേഖലകളിലും പിൻവാങ്ങലാണ് കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനക്ഷേമ പദ്ധതികൾക്കുള്ള വിഹിതം പല മേഖലകളിലും കുറച്ചതായും കാർഷിക മേഖലയ്ക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നയങ്ങൾ മൂലം സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബജറ്റിൽ അവഗണിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

വൻകിട കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനമാണ് ബജറ്റിലുള്ളതെന്നും സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരം ഒരുക്കുന്ന നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചു. ധാതുഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതും മറൈൻ നയവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും കേരളത്തിന്റെ തീരപ്രദേശങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *